ചുരുളി സിനിമയ്‌ക്കെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഡിജിപിയെ കക്ഷി ചേര്‍ത്തു. സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. പൊതുധാര്‍മ്മികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമയെന്നും ചുരുളിയെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജസ്റ്റിസ് എന്‍. നാഗേഷ് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് നേരത്തെ ഇതേ ഹര്‍ജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സിനിമയുടെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം.
ഹര്‍ജിയില്‍ നേരത്തെ തന്നെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സോണി മാനേജിംഗ് ഡയറക്ടര്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്മാരായ ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി എന്നിവരടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ സെന്‍സര്‍ ചെയ്ത പതിപ്പല്ല ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും ഒടിടി റിലീസില്‍ ഇടപെടാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമില്ലെന്നും നേരത്തെ സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.
ഒടിടി റിലീസ് ചെയ്തത് മുതല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി ചര്‍ച്ചാവിഷയമാണ്. തെറി സംഭാഷണങ്ങളുടെ പേരില്‍ സിനിമയെ വിമര്‍ശിക്കുന്നവരും കഥാപരിസരം ആവശ്യപ്പെടുന്ന സംഭാഷണമെന്ന് പറഞ്ഞ് പിന്തുണയ്ക്കുന്നവരും തമ്മില്‍ സമൂഹ മാധ്യമങ്ങളിലെ പോര് തുടരുകയാണ്. സിനിമക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും സെന്‍സര്‍ ബോര്‍ഡിനും നിരവധി പേര്‍ പരാതി അയച്ചിരുന്നു.