മലയാള സിനിമയ്ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെ കുറിച്ച് ചോദ്യവുമായി ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് പേപ്പര്‍. സച്ചിയുടെ ലഘു ജീവചരിത്രം എഴുതുക എന്നതായിരുന്നു ചോദ്യം. അദ്ദേഹത്തെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും പേപ്പറിലുണ്ട്.
പ്രശസ്ത മലയാളം സംവിധായകന്‍ സച്ചിയുടെ ലഘു ജീവചരിത്രം തയ്യാറാക്കുക. പേര്: കെആര്‍ സച്ചിദാനന്ദന്‍, അറിയപ്പെടുന്നത് സച്ചി എന്ന പേരില്‍. ജനനം: തൃശ്ശൂരിലെ കൊടുങ്ങല്ലൂരില്‍ ഡിസംബര്‍ 25 1972 എന്നിങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള ചോദ്യം.
ഈ ചോദ്യപേപ്പര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് ആണ് സച്ചി അന്തരിച്ചത്. അയ്യപ്പനും കോശിയും എന്ന തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ആഘോഷങ്ങള്‍ തീരും മുമ്പാണ് സച്ചി ലോകത്തോട് വിടവാങ്ങിയത്.
2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥക്കഥാകൃത്തായി മാറിയ സച്ചി, ഒരുപിടി നല്ല ചിത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചു. സച്ചിയുടെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടാണ് അയ്യപ്പനും കോശിയും പുറത്തിറങ്ങുന്നത്.
അതേസമയം, സച്ചിയുടെ അവസാനത്തെ തിരക്കഥയായ വിലയാത്ത് ബുദ്ധ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജും സംഘവും. സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തു വിട്ടിരുന്നു.