വിവാദങ്ങള്‍ക്കൊടുവില്‍ സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ഹിഗ്വിറ്റ’ തിയേറ്ററുകളിലേക്ക്. സിനിമയുടെ പേരിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷമാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. മാര്‍ച്ച് 31ന് ആണ് ചിത്രത്തിന്റെ റിലീസ്. തന്റെ പ്രശസ്ത സാഹിത്യസൃഷ്ടി ‘ഹിഗ്വിറ്റ’യുടെ അതേ പേരില്‍ സിനിമ എത്തുന്നതിനെതിരെ എന്‍.എസ് മാധവന്‍ രംഗത്തെത്തിയിരുന്നു.
ഇതോടെയാണ് സിനിമ വിവാദത്തില്‍ പെട്ടത്. ഇതോടെ ഡിസംബര്‍ 23ന് തിയേറ്ററുകളില്‍ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ഹേമന്ദ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അത് നടന്നില്ല.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയാണ് ചിത്രം എത്തുന്നത്. ഹേമന്ദ് നായര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ധ്യാന്‍ ശ്രീനിവാസന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിനീത് കുമാര്‍, മാമുക്കോയ, അബു സലിം തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ധ്യാന്‍ ഗണ്‍മാന്‍ ആയും സുരാജ് ഇതുപക്ഷ നേതാവുമായാണ് സിനിമയില്‍ എത്തുക.
ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയില്‍ പാര്‍സ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം ഫാസില്‍ നാസറും എഡിറ്റിങ്ങ് പ്രസീദ് നാരായണനുമാണ്. സംഗീതം രാഹുല്‍ രാജും പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സന്റും നിര്‍വഹിക്കുന്നു. വാര്‍ത്താ പ്രചാരണം: പിആര്‍ഒ പ്രതീഷ് ശേഖര്‍.