ഹണി റോസിനെ പ്രധാന കഥാപാത്രമാക്കി നവഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ‘റേച്ചൽ’ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ സമയം തൊട്ടേ റേച്ചൽ, സിനിമാ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്.
ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലായിരിക്കും ഹണി റോസ് എത്തുന്നത് എന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്.മോൺസ്റ്റർ എന്ന ചിത്രത്തിന് ശേഷം ഹണി റോസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് റേച്ചൽ. ബാബുരാജ്, റോഷൻ, കലാഭവൻ ഷാജോൺ, ചന്തു സലീംകുമാർ, രാധിക എന്നിവരാണ് ചിത്രത്തലെ മറ്റ് പ്രധാന താരങ്ങൾ.
യുവ കഥാകൃത്ത് രാഹുൽ മണപ്പാട്ടിന്റെ ‘ഇറച്ചിക്കൊമ്പ്’ എന്ന ചെറുകഥയാണ് റേച്ചൽ എന്ന പേരിൽ സിനിമയാവുന്നത്. രാഹുലിന്റെ കൂടെ എബ്രിദ് ഷൈനും കൂടി ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും.
പെൻ ആന്റ് പേപ്പർ, ബാദുഷ പ്രൊഡക്ഷൻസ് ബാനറുകളിൽ ഷിനോയ് മാത്യുവും ബാദുഷയും എബ്രിദ് ഷൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അങ്കിത് മേനോൻ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സംസ്ഥാന പുരസ്കാര ജേതാവ് ചന്ദ്രു സെൽവരാജാണ് ഛായാഗ്രഹകൻ.