കേരള ജനതയുടെ ലൈംഗീക ദാരിദ്ര്യത്തെ വിറ്റ് ജീവിച്ച നടിയാണ് ഹണി റോസ് എന്നതാണ് പുതിയ കണ്ടുപിടിത്തം. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് തന്നെ ഈയൊരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. തനിക്കെതിരെ ഡബിള്‍ മീനിങ് പ്രയോഗങ്ങളും ഉപദ്രവങ്ങളുമായി എത്തുന്ന ‘വ്യക്തി’ക്കെതിരെ ഹണി രംഗത്ത് വന്നപ്പോള്‍ തന്നെ സൈബര്‍ സമൂഹത്തിന് ചൊറിഞ്ഞു തുടങ്ങി. വ്രണം പൊട്ടിയൊഴുകാന്‍ തുടങ്ങിയപ്പോള്‍ തന്നെ നടിയുടെ പരാതിയില്‍ സൈബറാക്രമണം നടത്തിയവരും അറസ്റ്റില്‍ ആയി തുടങ്ങി. പിന്നാലെ ബോബി ചെമ്മണ്ണൂരിന്റെ പേര് പരസ്യമായി എടുത്തു പറഞ്ഞു കൊണ്ട് തന്നെ ഹണി റോസ് രംഗത്തെത്തി.
മുന്‍കൂര്‍ ജാമ്യം എന്ന നീക്കം പൊളിച്ചാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഡബിള്‍ മീനിങ് കമന്റ് പറഞ്ഞ് തന്നെ അതിലേക്ക് വലിച്ചിഴയ്ക്കുന്നത് തടയാന്‍ നിയമനടപടി സ്വീകരിച്ച് പോരിന് തയാറെടുത്തിരിക്കുകയാണ് ഹണി റോസ്. ഹണി റോസിനോളം സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കപ്പെട്ട ഒരു താരമില്ല. എന്തുകൊണ്ടാണ് ഇതുവരെയും പ്രതികരിക്കാതെ കാത്തിരുന്നത് എന്നൊരു ചോദ്യം ഇവിടെ ഉയര്‍ന്നു വന്നതുമാണ്. എന്നാല്‍ നിയമ വിദഗ്ധരുടെ ഉപദേശം തേടിയ ശേഷമാണ് ഹണി വിശദമായ പരാതി പൊലീസില്‍ നല്‍കിയത്. ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ തന്റെ പേര് മറയ്ക്കരുതെന്നും ഹണി റോസ് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെയിലും ഹണി റോസിന്റെ ‘ചരിത്രം’ ചികയുന്നവര്‍ ശരിക്കും ബോബി ചെമ്മണ്ണൂരിന്റെ പക്ഷത്ത് തന്നെയാണ്. തന്റെ ഗ്ലാമര്‍ സ്‌റ്റൈല്‍ കൊണ്ടുണ്ടായ ചര്‍ച്ചകളുടെ പുറത്ത് ഹണി റോസിന് സോഷ്യല്‍ മീഡിയയില്‍ നടി എന്നതിലുപരി ഒരു സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഹണി അത് നന്നായി സെല്‍ഫ് മാര്‍ക്കറ്റ് ചെയ്തു എന്നതും വസ്തുതയാണ്. പക്ഷേ അത് ഒരാളെ നിരന്തരം അവഹേളിക്കുവാന്‍ തക്കമുള്ള ഒരു ക്രിമിനല്‍ കുറ്റമല്ല. എവിടെ എന്ത് ചടങ്ങിന് പോയാലും വീഡിയോയിലും ഫോട്ടോയിലും താഴെ വന്ന് നിരന്തരമായി അശ്ലീലച്ചുവയോടെ ഹണിക്കെതിരെ പലരും ആക്രമണം നടത്താറുണ്ട്. ഇതില്‍ ജനറേഷനോ പ്രായമോ സാമ്പത്തികമോ ജോലിയോ രാഷ്ട്രീയമോ ഒന്നും വ്യത്യാസമില്ല. ചില അമ്മാവന്‍മാരും അതുപോലെ തന്നെ ചെറുപ്പക്കാരും സ്ത്രീകളും വരെ ഈ അവഹേളനങ്ങള്‍ക്ക് മുതിരുന്നത് കമന്റ് ബോക്‌സുകളില്‍ വ്യക്തമാണ്.
ഹണി റോസിനെ അവഹേളിക്കുന്നവര്‍ ബോബി ചെമ്മണ്ണൂരിന്റെ അവഹേളനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ശരിക്കും ചര്‍ച്ച ചെയ്യപ്പെടേണ്ടത് ബോബി ചെമ്മണ്ണൂരിന്റെ ചരിത്രമാണ്, അയാളുടെ നെറികേടുകളാണ് തുറന്നു കാട്ടേണ്ടത്. തഗ്ഗ് കിംഗ് എന്ന ഹാഷ്ടാഗോടെ പങ്കുവയ്ക്കപ്പെടുന്ന ബോചെ വീഡിയോകള്‍ പലതും അശ്ലീലച്ചുവയോടെയുള്ള കമന്റുകളാണെന്ന് പലരും മറക്കുന്നുണ്ട്. മുന്നിലെത്തുന്ന ഏതൊരു സ്ത്രീയെയും പ്രായവ്യത്യാസമില്ലാതെ നാക്ക് കൊണ്ട് റേപ്പ് ചെയ്യുന്ന രീതിയിലാണ് പലപ്പോഴും ഇയാളുടെ വാക്കുകള്‍. മലയാളികള്‍ ഇത്രകണ്ട് സപ്പോര്‍ട്ട് ചെയ്ത് വളര്‍ത്തിക്കൊണ്ട് വന്ന ഒരു സാമൂഹിക വിപത്ത് വേറെയില്ല. ഒരു ശരാശരി മലയാളിക്കുള്ളിലെ ആകെ മൊത്തം ലൈംഗികദാരിദ്രത്തിന്റെ തൂക്കം ബോബി ചെമ്മണ്ണൂരിലുണ്ട്.
ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ കുന്തി ദേവിയെ ഓര്‍മ്മ വരുന്നു എന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ഒരു പരാമര്‍ശം. ഇത് വിവാദമായെങ്കിലും അന്ന് ഹണി റോസ് പ്രതികരിച്ചിരുന്നില്ല. അതിനെതിരെ പ്രതികരിച്ചാല്‍ എന്ത് മറുപടി ലഭിക്കുമായിരുന്നു? അത് പുരാണത്തിലെ ഒരു കഥാപാത്രമല്ലേ എന്ന് പറഞ്ഞ് ഒഴിയാനാകും, അതാണ് ഡബിള്‍ മീനിംഗിന്റെ പ്രത്യേകത എന്നാണ് നടി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. പുതിയ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ ഹണി റോസ് കടയിലെ നെക്ലൈസ് കഴുത്തില്‍ അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ നടിയെ ബോബി ചെമ്മണ്ണൂര്‍ ഒന്ന് വട്ടം കറക്കി. നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമേ കാണൂ, മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത് എന്നായിരുന്നു കമന്റ്. പരിപാടി അലങ്കോലമാക്കണ്ട എന്ന് കരുതിയാണ് അന്ന് പ്രതികരിക്കാതിരുന്നത് എന്നും ഹണി റോസ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ പ്രവര്‍ത്തികളിലെ വിയോജിപ്പ് ഒടുവില്‍ ശക്തമായി തന്നെ പ്രകടപ്പിച്ചിരിക്കുകയാണ് ഹണി റോസ്. നടി ഇപ്പോള്‍ എടുത്തിരിക്കുന്ന ഈ നിലപാടുമായി മുന്നോട്ട് പോകുന്നത് മറ്റുള്ളവര്‍ക്കും പ്രചോദനമാണ്. സ്ത്രീയുടെ ശരീരം അവളുടെ അവകാശമാണ്. അതിന്മേല്‍ വാക്കുകൊണ്ടും നോട്ടം കൊണ്ടും പ്രവൃത്തികൊണ്ടും കടന്നുകയറാന്‍ ആര്‍ക്കും അവകാശമില്ല എന്നതിന്റെ പ്രഖ്യാനമാണ് ഹണിയുടെ തീരുമാനം. സത്യത്തില്‍ പലര്‍ക്കും ഇതുപോലൊരു ഷോക്ക് ട്രീറ്റ്‌മെന്റ് ആവശ്യമാണ്. അവനവന്റെ മനോവൈകൃതങ്ങള്‍ മറ്റുള്ളവരുടെ കമന്റ് ബോക്‌സില്‍ കൊണ്ട് പോയി തീര്‍ക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കണം.
വിടി ബല്‍റാം ചോദിച്ചത് പോലെ, ഇനി ഒന്നേ ചോദിക്കാനുള്ളൂ – സ്വര്‍ണമുതലാളി കം ചാരിറ്റി നായകനെതിരെ ഇവിടുത്തെ ഭരണകൂടവും ഔദ്യോഗിക നിയമ സംവിധാനങ്ങളും എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോവുന്നത് എന്നറിയേണ്ടതുണ്ട്.