മിഷോങ്ങ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് കരതൊടാനൊരുങ്ങുന്നതോടെ കനത്തമഴയിലും , വെള്ളക്കെട്ടിലും ചെന്നൈ മുങ്ങുകയാണ്. കനത്ത മഴയിൽ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളം അടച്ചു.
ഇപ്പോഴിതാ മിഷോങ്ങ് ചുഴലിക്കാറ്റിന്റെ ഭീകരത വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ റഹ്മാൻ. ഒരു ഫ്ലാറ്റിന് താഴെ പാര്ക്ക് ചെയ്തിരിക്കുന്ന കാറുകൾ മഴവെളത്തിൽ ഒലിച്ചുപോവുന്ന വീഡിയോയാണ് റഹ്മാൻ പങ്കുവെച്ചിരിക്കുന്നത്. ചെന്നൈ പള്ളിക്കരണൈയിൽ നിന്നുള്ള ദൃശ്യമാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എഫക്റ്റ് ഓഫ് സൈക്ലോൺ മിഷോങ് എന്നും ചെന്നൈ ചുഴലിക്കാറ്റ് എന്നും റഹ്മാൻ വീഡിയോക്ക് ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
വടപളനി, താംബരം ഉള്‍പ്പെടെ മിക്കയിടത്തും വീടുകളില്‍ വെള്ളംകയറി. സബ്‌വേകളുംഅടിപ്പാലങ്ങളും മുങ്ങി. ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ളത് അടക്കം നിരവധി ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. കൊല്ലം -ചെന്നൈ എക്സ്പ്രെസും (16102) റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു.
ആറു ജില്ലകളില്‍ ഇന്ന് പൊതു അവധിയാണ്. നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവളളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകൾക്കാണ് അവധി. വീടിന് പുറത്തിറങ്ങരുതെന്ന് ആളുകള്‍ക്ക് കര്‍ശനനിര്‍ദ്ദേശമുണ്ട്.ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈയിൽ നിന്ന് 90 കിലോമീറ്റര്‍ അകലെ മാത്രമാണ്. നാളെ രാവിലെയാണ് ചുഴലിക്കാറ്റ് കരതൊടുക. തമിഴ്നാട്ടിൽ ഇന്ന് രാത്രി വരെ ശക്തമായ കാറ്റും മഴയും തുടരും.