ആടുതോമയും ചാക്കോ മാഷും വീണ്ടും തിയേറ്ററില്‍ എത്തിയതിന്റെ ആഘോഷത്തിലാണ് മലയാളി പ്രേക്ഷകര്‍. 28 വര്‍ഷങ്ങള്‍ക്കിപ്പുറം ‘സ്ഫടികം’ തിയേറ്ററില്‍ എത്തിയപ്പോള്‍ ഗംഭീര വരവേല്‍പ്പ് തന്നെയാണ് സിനിമാസ്വാദകര്‍ നല്‍കുന്നത്. മോഹന്‍ലാലിന്റെ സ്ഫടികം റീ റിലീസ് ചെയ്തതിന് പിന്നാലെ മകന്‍ പ്രണവും തന്റെ ഹിറ്റ് സിനിമയുടെ റീ റിലീസുമായാണ് എത്തിയിരിക്കുകയാണ്. മലയാളത്തില്‍ നിന്നും ‘ഹൃദയം’, ‘പ്രേമം’ അടക്കമുള്ള സിനിമകള്‍ റീ റിലീസിന് ഒരുങ്ങുകയാണ്. ഇതിനോടൊപ്പം നിരവധി അന്യഭാഷാ സിനിമകളും റീ റിലീസ് ചെയ്യുകയാണ്.
2022 നവംബറില്‍ ഷാരൂഖ് ഖാന്‍-കജോള്‍ ചിത്രം ‘ദില്‍വാലെ ദുല്‍ഹനിയ ലെ ജായേങ്കെ’ റീ റിലീസ് ചെയ്തിരുന്നു. മറാത്താ മന്ദിറില്‍ ‘പഠാന്‍’ സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴും ഡിഡിഎല്‍ജെയും ഒപ്പം തന്നെ പ്രദര്‍ശനം തുടരുന്നുണ്ടായിരുന്നു. 1995 ഒക്ടോബര്‍ 25ന് ആയിരുന്നു ഡിഡിഎല്‍ജെ ആദ്യം റിലീസ് ചെയ്തത്. വാലെന്റൈന്‍സ് ദിനത്തിന് മുന്നോടിയായി സിനിമ ഒരിക്കല്‍ക്കൂടി റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ഫെബ്രുവരി 10 മുതല്‍ സിനിമ വീണ്ടും ഇന്ത്യയിലെ 37 സിറ്റികളിലെ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്.
വാലെന്റൈന്‍സ് ദിനം പ്രമാണിച്ച് ഫെബ്രുവരി 10 മുതല്‍ ഹോളിവുഡ് ചിത്രം ‘ടൈറ്റാനിക്കും’ റീ റിലീസ് ചെയ്തിട്ടുണ്ട്. ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം 1998ല്‍ ആയിരുന്നു ഇന്ത്യയില്‍ ആദ്യം റിലീസ് ചെയ്തത്.
വിജയ്യുടെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് ഫെബ്രുവരി 10ന് ‘കാവലന്‍’ സിനിമയും റീ റിലീസ് ചെയ്തിട്ടുണ്ട്. നൂറിലേറെ തിയേറ്ററുകളിലാണ് സിനിമ എത്തിയിരിക്കുന്നത്. സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം ‘ബോഡിഗാര്‍ഡി’ന്റെ തമിഴ് റീമേക്കാണ് കാവലന്‍.
ഫെബ്രുവരി 10 മുതല്‍ പ്രണവ് ചിത്രം ‘ഹൃദയ’വും റീ റിലീസ് ചെയ്തിട്ടുണ്ട്. കൊച്ചി പി.വി.ആറില്‍ മാത്രമാണ് സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ചെന്നൈ, ബെംഗളൂരൂ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ തിയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കും. അല്‍ഫോണ്‍സ് പുത്രന്‍-നിവിന്‍ പോളി ചിത്രം ‘പ്രേമ’വും വാലന്റൈസ് ഡേ സ്‌പെഷ്യല്‍ ആയി തിയേറ്ററുകളിലെത്തും.
Read more
ഇത് കൂടാതെ ‘തമാശ’, ‘ജബ് വി മെറ്റ്’ എന്നീ ബോളിവുഡ് സിനിമകളും ‘ടിക്കറ്റ് ടു പാരഡൈസ്’ എന്ന ഇംഗ്ലീഷ് സിനിമയും, ‘വേദ്’ എന്ന മറാത്തി സിനിമയും ‘വിണ്ണൈതാണ്ടി വരുവായ’ എന്ന ഗൗതം വാസുദേവ് മേനോന്‍ സിനിമയും, കന്നഡ സിനിമ ‘ഗൂഗ്ലി’യും, തെലുങ്ക് ചിത്രം ‘ഗീതാഗോവിന്ദ’വും, ‘ലവ് നീ ബാവൈ’ എന്ന ഗുജറാത്തി സിനിമയും ഫെബ്രുവരി 10 മുതല്‍ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷകളിലെ ഈ പ്രണയ സിനിമകള്‍ ഒരാഴ്ചയോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ് പിവിആര്‍ സിനിമാസ്. എന്നാല്‍ സ്ഫടികം സിനിമയ്ക്ക് ലഭിച്ച ഹൈപ്പോ സ്വീകരണമോ ഈ സിനിമകള്‍ക്ക് കേരളത്തില്‍ നിന്നും ലഭിച്ചിട്ടില്ല.