ജനിച്ചത് ഇന്ത്യയിലാണെങ്കിലും പാകിസ്ഥാനാണ് തന്റെ വീടെന്നും അവിടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും ഗായകന്‍ അദ്നന്‍ സമിയുടെ മകന്‍ അസാന്‍ സമി. പാകിസ്ഥാനിലാണ് താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നതെന്നും പിതാവിന്റെ തീരുമാനത്തില്‍ അഭിപ്രായം പറയാനില്ലെന്നും അസാന്‍ പറഞ്ഞു. 2016 ജനുവരി ഒന്നിന് അദ്നാന്‍ സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചിരുന്നു.
“ഞാന്‍ ജനിച്ചത് ഇന്ത്യയിലാണ്. എനിക്കിവിടെ സുഹൃത്തുക്കളുമുണ്ട്. എന്നിരുന്നാലും പാകിസ്താനാണ് എന്റെ വീട്. ഇവിടെ ജോലി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിലെനിക്ക് ഏറെ അഭിമാനമുണ്ട്. അദ്ദേഹം പിതാവായതുകൊണ്ടാണ് അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഞാന്‍ അഭിപ്രായം പറയാത്തത്. എനിക്ക് അദ്ദേഹത്തോട് സ്നേഹിവും ബഹുമാനവുമുണ്ട്. അദ്ദേഹം ജീവിക്കുന്നത് അദ്ദേഹത്തിനിഷ്ടമുള്ള രാജ്യത്താണ്. എന്നാല്‍ ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത് പാകിസ്ഥാനിലാണ്.” ബിബിസിയുമായുള്ള അഭിമുഖത്തില്‍ അസാന്‍ സമി പറഞ്ഞു.
അദ്‌നാന്‍ സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിനെതിരേ കടുത്ത വിമര്‍ശനമായിരുന്നു പാകിസ്ഥാനില്‍ നിന്ന് ഉയര്‍ന്നത്. അദ്നാന്‍ സമിക്ക് സെബ ഭക്തറിലുണ്ടായ മകനാണ് അസാന്‍ സമി. 1993-ല്‍ വിവാഹിതരായ ഇവര്‍ മകനുണ്ടായതിന് ശേഷം വേര്‍പിരിഞ്ഞു. അച്ഛനെ പോലെ മകനും സംഗീത പാതയിലാണ്.