കാത്തിരിപ്പിനൊടുവില്‍ ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വിജയിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെയാണ് ലിയോയില്‍ കാണാന്‍ കഴിയുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ കൊണ്ട് 400 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി ഇതുവരെ നേടിയത്.
എന്നാല്‍ ചിത്രത്തിലെ ‘ഓര്‍ഡിനറി പേഴ്‌സണ്‍’ എന്ന ഗാനത്തിനെതിരെ കോപ്പിയടി ആരോപണം വന്നിരിക്കുകയാണ്. ഇത് പ്രശസ്ത ബ്രിട്ടീഷ് ടെലിവിഷന്‍ സിരീസ് ആയ പീക്കി ബ്ലൈന്‍ഡേഴ്‌സിലെ ഒരു ട്രാക്കിന്റെ പകര്‍പ്പ് ആണെന്നാണ് ആരോപണം ഉയരുന്നത്. ബെലറൂസിയന്‍ സംഗീത സംവിധായകനായ ഒറ്റ്‌നിക്ക എന്ന അലക്‌സേ സ്റ്റാനുലേവിച്ചും ആര്‍ടെ മിഖായേന്‍കിന്നും ആണ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ പ്രസ്തുത ട്രാക്കിന്റെ സൃഷ്ടാക്കള്‍. ഇപ്പോഴിതാ ഈ വാദങ്ങളോട് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ഒറ്റ്‌നിക്ക.
ലിയോയെക്കുറിച്ചുള്ള മെസേജുകള്‍ക്ക് നന്ദി. ഞാന്‍ എല്ലാം കാണുന്നുണ്ട്. പക്ഷേ എല്ലാവര്‍ക്കും മറുപടി തരിക സാധ്യമല്ല. ഇമെയിലും ഇന്‍സ്റ്റഗ്രാമും ഇത് സംബന്ധിച്ച മെസേജുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതുപോലെ യുട്യൂബില്‍ വേര്‍ ആര്‍ യു എന്ന ട്രാക്കിന്റെ കമന്റ് ബോക്‌സും. കാര്യങ്ങള്‍ അവ്യക്തമാണ് ഇപ്പോള്‍. ഞങ്ങള്‍ ഇത് പരിശോധിക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞ് കാര്യങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കാം എന്ന് കരുതുന്നു. പക്ഷേ ഇതുവരെ ഞാന്‍ ആര്‍ക്കെതിരെയും ആരോപണം ഉയര്‍ത്തിയിട്ടില്ല- ഒറ്റ്‌നിക്ക ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
ലിയോയിലെ അനിരുദ്ധ് സംഗീതം ചെയ്ത ‘ഓര്‍ഡിനറി പേഴ്‌സണ്‍’ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്. ഹെയ്‌സന്‍ബര്‍ഗിന്റെ വരികള്‍ക്ക് നിഖിത ഗാന്ധിയാണ് ശബ്ദം നല്‍കിയിരിക്കുന്നത്.