ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല; നിങ്ങൾക്കൊക്കെ എന്താണോ മനസിൽ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നത്: നവ്യ നായർ

നിയമത്തെ പേടിച്ച് ഒളിവിൽ പോകുന്നത് ശരിയായ കാര്യമല്ലെന്ന് നടി നവ്യ നായർ. മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിൽ ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം. ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ലെന്നും നിങ്ങൾക്കൊക്കെ എന്താണോ മനസിൽ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നതെന്നും നവ്യ നായർ പറഞ്ഞു.

ലൈംഗികാതിക്രമക്കേസുകളിൽ പെട്ടവർ നിയമത്തെ പേടിച്ച് ഒളിവിൽ പോകുന്നത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു നവ്യ നായരുടെ പ്രതികരണം. കോടതിയും പൊലീസും ഇടപെട്ട കേസിൽ അതിൻ്റെതായ തീരുമാനങ്ങൾ അല്ലേ വരേണ്ടതെന്നും താരം ചോദിച്ചു. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം ചോദിക്കാൻ ഞാനിപ്പോൾ പറയാത്തത് ഞാൻ ഒളിച്ചോടുന്നതുപോലെ വ്യാഖാനിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങളെക്കാളും ഇത്തരം ചോദ്യങ്ങളാവും കൂടുതലും ഉണ്ടാവുകയെന്നറിയാം.

ഒളിച്ചോടി പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. നിങ്ങൾക്കൊക്കെ എന്താണോ മനസിൽ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നതെന്ന് മനസിലാക്കിയാൽ മതി. എന്നെക്കൊണ്ട് എന്തെങ്കിലും പറയിച്ചിട്ട് നിങ്ങൾക്കത് വാർത്തയാക്കണമെങ്കിൽ ചോദിക്കാം. എന്നാൽ ഞാനിവിടെ വന്നിരിക്കുന്നത് അത്ര വാർത്താമൂല്യമില്ലാത്ത, അറിയപ്പെടാൻ സാദ്ധ്യതയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്നതിനായാണ്. അതിലേയ്ക്ക് ഇത്തരത്തിലെ ഒരു കാര്യം വലിച്ചിഴച്ചാൽ അതായിപ്പോവും വാർത്ത എന്നും താരം പറഞ്ഞു.