സിനിമലോകത്ത് നിന്നും വിടപറഞ്ഞുപോയ അതുല്യ പ്രതിഭകൾക്ക് ആദരമൊരുക്കാനൊരുങ്ങി ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേള. വീട്ടിൽ അജ്ഞാതന്റെ കുത്തേറ്റ് മരിച്ച വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ ദരിയുഷ് മെഹര്‍ജുയിയുടെ ‘എ മൈനര്‍’ എന്ന ചിത്രം ഉള്‍പ്പെടെ 12 പ്രതിഭകളെയാണ് ഹോമേജ് നൽകി ഐഎഫ്എഫ്കെ ആദരിക്കുന്നത്.
അന്തരിച്ച വിഖ്യാത സംവിധായകൻ കെ. ജി ജോർജിന്റെ യവനിക എന്ന ചിത്രത്തിന്റെ റീമാസ്റ്റേഡ് പതിപ്പും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. സിദ്ധിഖ് സംവിധാനം ചെയ്ത് ഇന്നസെന്റ് പ്രധാനവേഷത്തിലെത്തിയ റാം ജി റാവു സ്പീക്കിങ്,കഴിഞ്ഞവർഷം അന്തരിച്ച മാമുക്കോയക്ക് സംസ്ഥാന പുരസ്കാരം നേടികൊടുത്ത കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’, ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് കെ രവീന്ദ്രനാഥന്‍ നായര്‍ നിര്‍മിച്ച വിധേയന്‍ എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ നിന്നും പ്രദർശിപ്പിക്കുന്നത്.
കൂടാതെ സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയുടെ ‘കസിന്‍ ആഞ്ചെലിക്ക’, ടെറന്‍സ് ഡേവിസ് സംവിധാനം ചെയ്ത ഡിസ്റ്റന്റ് വോയിസസ് സ്റ്റില്‍ ലൈവ്‌സ്, വില്യം ഫ്രീഡ്കിന്‍ ചിത്രം ദി എക്‌സോര്‍സിസ്റ്റ്, ഇബ്രാഹിം ഗോലെസ്റ്റാന്‍ സംവിധാനം ചെയ്ത ‘ബ്രിക്ക് ആന്‍ഡ് മിറര്‍’, ഫ്രഞ്ച് ചലച്ചിത്രകാരന്‍ ജാക്ക് റോസിയറിന്റെ ‘അഡിയൂ ഫിലിപ്പീന്‍’, ശ്രീലങ്കയിലെ ആദ്യ വനിതാ സംവിധായിക സുമിത്ര പെരീസിന്റെ ‘ദി ട്രീ ഗോഡസ്’ എന്നീ ചിത്രങ്ങളും ഹോമേജിന്റെ ഭാഗമായി മേളയിൽ പ്രദർശിപ്പിക്കും.
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റു സിനിമകൾ.
ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’, ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്നീ മലയാള ചിത്രങ്ങൾ അന്താരഷ്ട്ര മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നുണ്ട്.
ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ തിരുവനന്തപുരത്ത് വെച്ചാണ് ഇരുപതിയെട്ടാമത് ഐ. എഫ്. എഫ്. കെ അരങ്ങേറുന്നത്.