ഇരുപത്തിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് സമാപനമായി. സമാപന സമ്മേളനം നിശാഗന്ധിയിൽ വച്ച് നടന്നു. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ജാപ്പനീസ് സംവിധായകൻ ജോ ഒഡഗിരിയുടെ “ദേ സെ നതിങ് സ്റ്റേയ്സ് ദി സെയിം” കരസ്ഥമാക്കി. മികച്ച ചിത്രത്തിനുള്ള രജത ചകോരം ഗ്വാട്ടിമാലയിൽ നിന്നുള്ള സീസർ ഡയസിന്റെ “അവർ മദർസ്” കരസ്ഥമാക്കി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് പ്രത്യേക പരാമർശത്തിന് അർഹമായി.
മികച്ച നവാഗത സംവിധായകന്റെ ചിത്രത്തിനുള്ള കെ.ആർ മോഹനൻ എഫ്.എഫ്.എസ്.ഐ പുരസ്ക്കാരം ഫാഹിം ഇർഷാദിന്റെ “ആനി മാനി” കരസ്ഥമാക്കി. ഏഷ്യ പെസഫിക് പ്രദേശത്തു നിന്നുള്ള മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌ക്കാരവും ഫാഹിം ഇർഷാദിന്റെ “ആനി മാനി” നേടി. ഡോ. ബിജുവിന്റെ വെയിൽ മരങ്ങൾ എന്ന ചിത്രത്തിനാണ് മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌ക്കാരം. നെറ്റ്പാക്ക് വിഭാഗത്തിൽ മധു സി.നാരായണന്റെ മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്സ് പ്രത്യേക പരാമർശം നേടി.
മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്ക്കാരം സന്തോഷ് മണ്ടൂരിന്റെ “പനി” കരസ്ഥമാക്കി. മികച്ച വിദേശ ചിത്രത്തിനുള്ള ഫിപ്രസി പുരസ്ക്കാരം ബോറിസ് ലോകജേനെയുടെ കാമിൽ എന്ന ചിത്രം കരസ്ഥമാക്കി.