പ്രതിഫലം വാങ്ങിയ ശേഷം ഗാനങ്ങളുടെ മേൽ സംഗീത സംവിധായകന് അവകാശമില്ല; ഇളയരാജയ്ക്കെതിരെ ഹർജിയുമായി എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ

ഇളയരാജ സംഗീതം നൽകിയ 4500- ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക അവകാശമുണ്ടെന്ന് നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു. ഇപ്പോഴിതാ ഉത്തരവിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ

പ്രതിഫലം വാങ്ങിയ ശേഷം ഗാനങ്ങളുടെ മേൽ സംഗീത സംവിധായകന് അവകാശമില്ലെന്നാണ് എക്കോ റെക്കോർഡിങ് സ്റ്റുഡിയോ നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നത്. 1970 നും 1990 നും ഇടയിൽ രചിച്ച ഗാനങ്ങളുടെ പകർപ്പവകാശം ഇളയരാജയ്ക്ക് നൽകാനാവില്ല, കാരണം അവയുടെ അവകാശം നിലനിർത്തിയിട്ടില്ല. മത്രമല്ല, എ ആര്‍ റഹ്മാന്‍ ഇത്തരത്തില്‍ ആദ്ദേഹത്തിന്റെ പാട്ടുകളുടെ പകർപ്പവകാശം നേടിയെടുത്തത് പ്രത്യേകമായി കരാറുണ്ടാക്കിക്കൊണ്ടാണ്. ഇളയരാജയുടെ കാര്യത്തില്‍ അങ്ങനെയൊരു കാരറില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലും തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗപ്പെടുത്തിയെന്ന് ചൂണ്ടികാണിച്ച് ഇളയരാജ രംഗത്തെത്തിയിരുന്നു. സിനിമയില്‍ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും അദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍. ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം കൂലിയുടെ ടീസറിന് തന്റെ പാട്ട് ഉപയോഗിച്ചതിനും നിര്‍മ്മാതാക്കള്‍ക്ക് ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.

Read more