കാവിവത്കരണത്തിന് എതിരെ പടനയിച്ച പായല്‍ കപാഡിയ; കാനില്‍ തിളങ്ങിയ രാഷ്ട്രീയം

എഴുപത്തിയേഴാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ മുഴുവന്‍ ശ്രദ്ധയും കവര്‍ന്നത് ഇന്ത്യയില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരാണ്. അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേര് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ സംവിധായിക പായല്‍ കപാഡിയുടേത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രി പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ പായല്‍ കപാഡിയയുടെ വിദ്യാര്‍ത്ഥി ജീവിതം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.

2015ല്‍ സമരം ചെയ്തതിന് വിദ്യാര്‍ത്ഥിനിയായ പായല്‍ കപാഡിയക്കെതിരെ ബിജെപി അനുഭാവിയും നടനുമായ ഗജേന്ദ്ര ചൗഹാന്‍, പ്രശാന്ത് പത്രബെ എന്നിവരുടെ കീഴിലുള്ള എഫ്ടിഐഐ നേതൃത്വം അന്ന് അച്ചടക്ക നടപടി സ്വീകരിക്കുമ്പോള്‍ ലോകം അറിഞ്ഞിരുന്നില്ല അത് വളര്‍ച്ചയ്ക്ക് മുമ്പുള്ള വിഘ്‌നമായിരുന്നുവെന്ന്. പുനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാവിവല്‍ക്കരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ 2015ല്‍ 139 ദിവസത്തോളം നീണ്ട സമരം നടത്തിയിരുന്നു. മഹാഭാരതം സീരിയലില്‍ ഏതോ രാജാപ്പാര്‍ട്ട് വേഷം കെട്ടിയെന്ന ഒറ്റ യോഗ്യതയില്‍ ഗജേന്ദ്ര ചൗഹാനെന്ന സി ഗ്രേഡ് നടനെ ഇന്ത്യന്‍ സിനിമയുടെയും പുരോഗമന ചിന്തയുടേയും മഹാപാരമ്പര്യം പേറുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനാക്കിയ കുല്‍സിത രാഷ്ട്രീയത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നാല് മാസത്തിലേറെ സമരം ചെയ്തു. ബിജെപി അനുഭാവികളുടെ നടപടിയെ തുടര്‍ന്ന് പായല്‍ കപാഡിയ ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും ചൗഹാനെതിരെ നീണ്ടുനിന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.

From Leading Protest at FTII to Cannes Acclaim: Know More About the Woman of the Hour, Payal Kapadia

അതിനെ തുടര്‍ന്ന് എഫ്ടിഐഐ അവരുടെ ഗ്രാന്റ് വെട്ടിക്കുറച്ചു. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരുന്ന പ്രശാന്ത് പത്രബെയുടെ ഓഫീസിന് മുന്നില്‍ ധര്‍ണ ഇരുന്നതിന് പായലിനെതിരെ പൂനെ പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. 35 കുട്ടികള്‍ക്കെതിരെയാണ് പൂനെ പൊലീസ് അന്ന് കേസ് എടുത്തത്. അതേ വര്‍ഷം തന്നെയാണ് പായല്‍ ‘ആഫ്റ്റര്‍നൂണ്‍ ക്ലൗഡ്സ്’ എന്ന 13 മിനിറ്റുള്ള ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ സിനിമ കാനില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ നിലപാട് മയപ്പെടുത്തി എഫ്ടിഐഐ തങ്ങളുടെ നിലപാട് മാറ്റി, തങ്ങള്‍ പായലിനെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞ് അന്നത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഭുപേന്ദ്ര കൈന്തോല രംഗത്തെത്തി.

Meet FTII student Payal Kapadia, whose film Afternoon Clouds, was selected for Cannes 2017 – Firstpost

തന്റെ വിദ്യാര്‍ത്ഥി ജീവിതത്തെ കൂടി ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു 2021ല്‍ കാനില്‍ ഗോള്‍ഡന്‍ ഐ പുരസ്‌കാരം ലഭിച്ച ‘എ നൈറ്റ് ഓഫ് നോയിങ് നതിങ്’ എന്ന ഡോക്യുമെന്ററി. പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കുന്ന രണ്ട് പേരുടെ പ്രണയത്തെ കുറിച്ചായിരുന്നു ഡോക്യുമെന്ററി. പരസ്പരം പ്രണയിക്കുന്ന ഈ രണ്ട് കഥാപാത്രങ്ങള്‍ ഒരേ ജാതിയില്‍ നിന്നുള്ളവരല്ല എന്നതിന്റെ പേരില്‍ കുടുംബം വിലക്കേര്‍പ്പെടുത്തുകയും, പരസ്പരം പിരിയേണ്ടി വരികയും ചെയ്യുന്നതാണ് പ്രമേയം.

A Night of Knowing Nothing - Official Trailer

2021ലെ കാനില്‍ ഡയറക്ടേഴ്സ് ഫോര്‍ട്ട്‌നൈറ്റ് എന്ന വിഭാഗത്തിലാണ് ഈ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചത്. 2014ല്‍ പുറത്തിറങ്ങിയ ‘വാട്ടര്‍മിലണ്‍, ഫിഷ് ആന്‍ഡ് ഹാഫ് ഗോസ്റ്റ്’ ആണ് പായലിന്റെ ആദ്യ സിനിമ. 2017ല്‍ ‘ദി ലാസ്റ്റ് മാങ്കോ ബിഫോര്‍ ദി മണ്‍സൂണ്‍’ എന്ന സിനിമ ചെയ്തു. ആ സിനിമയുടെ തിരക്കഥയും സംവിധാനവും, എഡിറ്റിംഗും ചെയ്തത് പായല്‍ തന്നെയാണ്. 2018ല്‍ ‘ആന്‍ഡ് വാട്ട് ഈസ് ദി സമ്മര്‍ സേയിങ്’ എന്ന സിനിമയും ഒരുക്കി. വിദ്യാര്‍ത്ഥിയായിരുന്നു കാലത്താണ് ഈ സിനിമകള്‍ പായല്‍ കപാഡിയ ചെയ്തത്.

All We Imagine as Light (2024) - IMDb

അതേസമയം, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പായല്‍ കപാഡിയയുടെ ആദ്യ ഫിക്ഷന്‍ ഫീച്ചര്‍ സിനിമയാണ്. തിരക്കുപിടിച്ച മുംബൈ നഗരത്തില്‍ ജോലിയുടെ ഭാഗമായി എത്തിയ രണ്ട് മലയാളി നഴ്‌സുമാരുടെ കഥയാണ് സിനിമ. 2024ല്‍ കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏറ്റവും വിലയേറിയ രണ്ടാമത്തെ പുരസ്‌ക്കാരമായ ഗ്രാന്‍ഡ് പ്രി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സംവിധായിക ആയി പായല്‍ ഇന്ന് ചരിത്രം കുറിക്കുമ്പോള്‍ ബിജെപിയുടെ കലയ്ക്കും കലാകാരനും നേരെ കെട്ടിയ മതിലുകള്‍ കൂടിയാണ് തകര്‍ന്നു പോകുന്നത്.

Read more