ഇന്ദ്രന്‍സ് പഠനക്കുരുക്കില്‍! പത്താം ക്ലാസ് പാസാകാന്‍ താരത്തിന് മുന്നില്‍ ഏഴാം ക്ലാസ് കടമ്പ..

പത്താം ക്ലാസ് പാസാകാന്‍ വന്ന നടന്‍ ഇന്ദ്രന്‍സിന് മുന്നില്‍ എഴാം ക്ലാസ് കടമ്പ. കുട്ടിക്കാലത്തെ ജീവിതസാഹചര്യം സ്‌കൂള്‍ പഠനം മുടക്കിയതിനാലാണ് ഇന്ദ്രന്‍സ് തുല്യതാപഠനത്തിന് ഒരുങ്ങിയത്. ഏഴാം ക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാ മിഷന്റെ ചട്ടമാണ് പ്രശ്‌നം.

അതിനാല്‍ ഇന്ദ്രന്‍സ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം. എന്നിട്ടേ പത്തില്‍ പഠിക്കാനാവൂ. ദിവസങ്ങള്‍ക്കുമുമ്പ് നവകേരളസദസിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താല്‍പര്യം അറിയിച്ചതും പത്താം ക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും.

നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓര്‍മ എന്നായിരുന്നു ഇന്ദ്രന്‍സ് പറഞ്ഞത്. എങ്കിലും ഏഴ് വരെ പോയിട്ടുണ്ട് എന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷന്‍ പറയുന്നത്.

അതേസമയം, സിനിമകളുടെ തിരക്കുള്ളതിനാല്‍ എല്ലാ ഞായറാഴ്ചയും മെഡിക്കല്‍ കോളേജ് ഗവ. സ്‌കൂളിലെ സെന്ററില്‍ ഇന്ദ്രന്‍സിന് എത്താനാവുന്നില്ല. പഠനത്തിന് സ്പെഷ്യല്‍ ക്ലാസ് ഏര്‍പ്പെടുത്തുന്നത് അടക്കം പരിഗണനയിലാണ് എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

സ്‌കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുമ്പ് പറഞ്ഞത്. തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് പ്രഥമിക വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്.