മാസ്‌ക് സ്വയം നമുക്ക് തന്നെ വീട്ടില്‍ നിര്‍മ്മിക്കാമെന്ന് കാണിച്ചു കൊണ്ടുള്ള നടന്‍ ഇന്ദ്രന്‍സിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ ഇന്ദ്രന്‍സിന്റെ താരജാടയില്ലാത്ത ഈ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ ഇന്ദ്രന്‍സിനെ പ്രശംസിച്ച് ഷിബു ഗോപാലകൃഷ്ണന്‍ എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരു തയ്യല്‍ മെഷീനു മുന്നില്‍ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യന്‍ ഞാന്‍ ആരാണ് എന്നു ആത്മാവില്‍ തൊട്ടു അടയാളപ്പെടുത്തുകയാണ് ഇതിലൂടെയെന്നാണ് കുറിപ്പില്‍ പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം….
ആലഭാരങ്ങളും ആഢംബരങ്ങളും അഴിച്ചുവച്ചു ഇത്രമേല്‍ നിസാരനായി ഈ മനുഷ്യന്‍ ഇരിക്കുന്നതു കാണുമ്പോള്‍ ഉള്ളിലെ സൂര്യകിരീടങ്ങളെല്ലാം വീണുടയുന്നുണ്ട്.
അയാള്‍ അഭിനയിക്കുകയല്ല, ആരോടും കൂറ് പ്രഖ്യാപിക്കുകയല്ല, അജണ്ടകളെ ഒളിച്ചു കടത്തുകയല്ല, തയ്യല്‍ മെഷീനു മുന്നില്‍ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യന്‍ ഞാന്‍ ആരാണ് എന്നു ആത്മാവില്‍ തൊട്ടു അടയാളപ്പെടുത്തുകയാണ്. അയാളുടെ ജീവിതത്തിലെ ഏറ്റവും സത്യസന്ധമായ ഒരു വേഷത്തെ അത്രമേല്‍ സ്‌നേഹത്തോടെ ജീവിച്ചു കാണിച്ചുതരികയാണ്.
അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യല്‍മെഷീന്‍ വച്ചാണ് സുരേന്ദ്രന്‍ കൊച്ചുവേലു എന്ന ഇന്ദ്രന്‍സ് തയ്യല്‍ക്കട ആരംഭിക്കുന്നത്. തൂവാനത്തുമ്പികള്‍ക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്യുമ്പോഴാണ് പദ്മരാജനോട് ടൈറ്റില്‍സില്‍ ഇന്ദ്രന്‍സ് എന്നു ചേര്‍ത്തോട്ടെ എന്നുചോദിക്കുന്നത്. അതോടെ അയാളും ഇന്ദ്രന്‍സായി. പിന്നെ കൊടക്കമ്പിയായി, നെത്തോലിയായി, ഒരു മനുഷ്യ ശരീരത്തിനു താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്തെ അവഹേളനങ്ങളുടെ അവമതിപ്പുകളുടെ അതിക്രൂരമായ പൊട്ടിച്ചിരികളായി.
യൂണിഫോമിനു വകയില്ലാത്തതു കൊണ്ട് നാലാം ക്ളാസില്‍ പഠിപ്പു നിര്‍ത്തിയ, ഒരുപാടു താരങ്ങള്‍ക്കു കോട്ടും സ്യൂട്ടും തയ്ച്ചുകൊടുത്ത അയാള്‍, അയാള്‍ക്കുവേണ്ടി ആദ്യമായി ഒരു കോട്ടും സ്യൂട്ടും തുന്നി ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിന്റെ ചുവന്ന പരവതാനി നടക്കാന്‍ പോയി. ഗൗരവമേറിയ സീനുകള്‍ വരുമ്പോള്‍ സീനിന്റെ മുറുക്കം നഷ്ടപ്പെടാതിരിക്കാന്‍ ഒരുപാടു സീനുകളില്‍ നിന്നും ഒഴിവാക്കപ്പെട്ട അയാള്‍, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് പിടിച്ചു പിടിച്ചുവാങ്ങുന്ന അഭിനയ സാന്ദ്രതയായി.
ഈ ലോകത്തൊരു എട്ടാമത്തെ അദ്ഭുതമുണ്ടെങ്കില്‍ അതു തന്റെ ജീവിതമാണെന്നും, ഞാന്‍ ആരുമല്ലെന്നും, കാര്യമായിട്ടൊന്നും ചെയ്തിട്ടില്ലെന്നും, പരിഭവങ്ങളില്ലാതെ അയാള്‍ പിന്നിലോട്ടു നീങ്ങിനില്‍ക്കുന്നു. എത്ര നിഷ്പ്രയാസമാണ് ഈ മനുഷ്യന്‍ നമ്മളുടെ ആത്മബോധങ്ങളുടെ നെറുകയില്‍ ചുറ്റിക കൊണ്ടു ആഞ്ഞടിക്കുന്നത്..