മലയാളിയുടെ പ്രിയ നടന്‍ ഇന്നസെന്റിന്റെ വിയോഗം നടി സുകുമാരി മരിച്ചതിന്റെ പത്താം വാര്‍ഷിക ദിനത്തിലായെന്നത് വേദനിപ്പിക്കുന്ന യാദൃശ്ചികതയാവുകയാണ്. ഒരിക്കല്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായിരുന്ന് ഇരുവരും ധാരാളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഹാസ്യം മാത്രമല്ല ഏത് വേഷവും തനിമ ചോര്‍ന്നുപോകാതെ അഭിനയിക്കാന്‍ അസാധാരണ മികവ് പുലര്‍ത്തിയവര്‍.
ഇരുവരും തമ്മിലുള്ള സമാനതകള്‍ വളരെയുണ്ടായിരുന്നു. 2013 മാര്‍ച്ച് 26നാണ് 72-ാമത്തെ വയസ്സില്‍ സകുമാരി അന്തരിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റാര്‍ക്കും നികത്താനാവാത്ത ഒരു നഷ്ടം സമ്മാനിച്ച് അതേ മാര്‍ച്ച് 26ന് ഇന്നസെന്റും വിട പറഞ്ഞിരിക്കുകയാണ്.
കൊച്ചിയിലെ വി പി എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്.
750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 – ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. ചാലക്കുടി എം പിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായെന്ന് മെഡിക്കല്‍ വിദഗ്ധ സംഘം വ്യക്തമാക്കി. ഇന്ന് രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും.