നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ട് . അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു.
അര്‍ബുദത്തോട് പടപൊരുതി അതിനോട് അതിജീവിച്ച് ജീവിതത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസെന്റ്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘മകള്‍’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസന്റ് ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം ഭാഗമാണ്.