പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ അല്ലു അർജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം നിലനിൽക്കുമോ എന്ന് സംശയമെന്ന് കോടതി. നേരത്തെ അല്ലു അർജുനെ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന് ശേഷം അല്ലു അർജുനെ ജയിലിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.
മരിച്ച യുവതിയുടെ കുടുംബത്തോട് സഹതാപം ഉണ്ടെന്ന് കോടതി അറിയിച്ചു. കുറ്റം അല്ലു അർജുന് മേൽ മാത്രം നിലനിൽക്കുമെന്ന് എന്ന് ഇപ്പോൾ പറയാനാകില്ലെന്നും കോടതി പറഞ്ഞു. സൂപ്പർ താരമെന്ന് കരുതി പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു.
ഒരു പ്രമോഷന്‍റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഹൈദരാബാദ് പൊലീസാണ് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വസതിയിൽ വച്ച് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അല്ലു അര്‍ജുന്റെ കടുത്ത ആരാധികയായിരുന്ന സ്ത്രീ മരിച്ചത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിയായ രേവതിയാണ് മരിച്ചത്. രേവതിയുടെ കുട്ടിക്കും ഭർത്താവിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം. തിയറ്ററിലേക്ക് കയറാന്‍ ശ്രമിച്ച രേവതിയും ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതി മരിക്കുകയായിരുന്നു.