രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു; ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദ് അധ്യക്ഷ

29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദ് ആണ് അധ്യക്ഷ. മാർക്കോസ് ലോയ്സ, നാനാ ജോർജഡ്സെ, മിഖായേൽ ഡോവ്ലാത്യൻ, മൊഞ്ചുൾ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ. അതേസമയം അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത 14 ചിത്രങ്ങളും ജൂറി കണ്ടു വിലയിരുത്തും.

ടെക്സ്ച്വൽ ഫോട്ടോഗ്രഫിയുടെയും ക്ലോസപ്പ് ഷോട്ടുകളുടെയും കരുത്തിൽ തന്റെ സിനിമയിലെ കഥാപാത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിച്ച ഫ്രഞ്ച് ഛായാഗ്രാഹകയും ഫോട്ടോഗ്രാഫറുമാണ് ആഗ്നസ് ഗൊദാർദ്.1951 മെയ്‌ 28ന് ഫ്രാൻസിൽ ജനിച്ച ആഗ്നസ് ഗൊദാർദിന് 2001 ൽ മികച്ച ഛായാഗ്രാഹകയ്ക്കുള്ള സീസർ അവാർഡ് ലഭിച്ചു. ലാ ഫെമി ഫിലിം സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആഗ്നസ് വിം വെൻഡേഴ്സ് ചിത്രങ്ങളിൽ ക്യാമറ സാങ്കേതിക സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്.

ബ്യു ട്രവയൽ (1999),ഹോം (2008) വിങ്‌സ് ഓഫ് ഡിസൈർ (1987 ) തുടങ്ങിയവ ആഗ്നസ് ഛായാഗ്രഹണം നിർവഹിച്ച പ്രധാന ചിത്രങ്ങളാണ്. ഫ്രഞ്ച് സംവിധായികയും തിരക്കഥാകൃത്തുമായ ക്ലെയർ ഡെന്നിസിനോടൊപ്പം ദീർഘകാലം ആഗ്നസ് പ്രവർത്തിച്ചിട്ടുണ്ട്. 2021 ലെ കാൻ അവാർഡ് ഫോർ എക്സലൻസ് ഇൻ സിനിമോട്ടോഗ്രഫി പുരസ്‌ക്കാര ജേതാവാണ്.

സിനിമാപ്രേമികൾക്ക് ജൂറി അംഗങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അംഗങ്ങളുടെ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ബോസ്റ്റൺ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സിൻ്റെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌ക്കാരത്തിന് ആഗ്നസിനെ അർഹമാക്കിയ ബ്യു ട്രവയൽ എന്ന ചിത്രമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ക്ലെയർ ഡെനീസ് സംവിധാനം ചെയ്ത ബ്യൂ ട്രവയൽ എന്ന ചിത്രം ആത്മ സംഘർഷങ്ങളുടെയും പക പോക്കലുകളുടേയും കഥ പറയുന്നു. ആർമിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗലോപ്, ജിബൂട്ടിയിലെ തൻ്റെ കഴിഞ്ഞകാലം ഓർത്തെടുക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

Read more