'ഇര'യില്‍ ഉണ്ണി മുകുന്ദന്‍ ദിലീപോ? സംവിധായകന്റെ വെളിപ്പെടുത്തല്‍

പുലിമുരുകന്റെ സംവിധായകന്‍ വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് “ഇര”. വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് സംവിധാനം ചെയ്യുന്ന ഈ സിനിമ നടി ആക്രമിക്കപ്പെട്ട കഥയാണ് പറയുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചെയ്യാത്ത കുറ്റത്തിന് പോലീസ് കുറ്റവാളിയാക്കിയ ഒരു ചെറുപ്പക്കാരന്‍ നടത്തുന്ന നിയമപോരാട്ടമാണ് ഇരയുടെ ഇതിവൃത്തമെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ഈക്കാര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ സൈജു. നാന വാരികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് സംവിധായകന്‍ മനസു തുറന്നത്. സത്യം പറഞ്ഞാല്‍ ആ വാര്‍ത്ത ഞങ്ങളും കേട്ടു. പക്ഷേ പ്രതികരിച്ചില്ല. അതെല്ലാം സിനിമകളുടെ ബിസിനസ് പോയിന്റായി കരുതുകയാണ് ഞാന്‍. എന്താണ് വസ്തുതയെന്ന് സിനിമ കണ്ട് തിരിച്ചറിയട്ടെ. സൈജു പറഞ്ഞു.

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നത്. മിയ, ലെന, നിരഞ്ജന നീരജ, മറീന , അലന്‍സിയര്‍ , ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് തുടങ്ങി മുപ്പതോളം താരങ്ങളുണ്ട്. സംഗീതം ഗോപീസുന്ദറിന്റേതാണ്. ചിത്രം അധികം വൈകാതെ തീയേറ്ററുകളിലെത്തും.