ഗോവയിൽ നടക്കുന്ന 54-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി രോഹിത് എം. ജി കൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരട്ട’. ജോജു ജോർജ് നായകനായെത്തിയ ചിത്രം സംവിധായകൻ രോഹിത്തിന്റെ ആദ്യ ചിത്രം കൂടിയാണ്.
മികച്ച മികച്ച നവാഗത സംവിധാനത്തിനുള്ള മത്സര ഇനത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.അതുകൊണ്ട് തന്നെ ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള സിൽവർ പീകോക്ക് പുരസ്കാരം ലഭിക്കാൻ സാധ്യതകൾ ഏറെയാണ് എന്നാണ് ആദ്യ പ്രദർശനത്തിന് ശേഷം ചലച്ചിത്ര നിരൂപകർ അഭിപ്രായപ്പെടുന്നത്. സിൽവർ പീകോക്ക് അവാർഡ് നോമിനേഷൻ ലിസ്റ്റിൽ അവസാന ഏഴിൽ ഒരു സിനിമയായാണ് ഇരട്ട ഇപ്പോൾ നിൽക്കുന്നത്. മികച്ച നവാഗത സംവിധായകനായി ഇതുവരെയും ഒരു ഇന്ത്യൻ സംവിധായകനും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഒരു പൊലീസ് സ്റ്റേഷനും അവിടെ നടക്കുന്ന മരണവുമാണ് ജോജു ഇരട്ട വേഷത്തിലെത്തുന്ന സിനിമയുടെ കഥാപാരിസരം. ഗംഭീര തിരക്കഥയും കയ്യടക്കമുള്ള സംവിധാനവും തന്നെയാണ് ‘ഇരട്ട’ എന്ന സിനിമയെ മലയാളത്തിലെ മികച്ച സിനിമകളുടെ കൂട്ടത്തിൽ കൊണ്ടെത്തിക്കുന്നത്. രോഹിത്ത് തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
ഈ വിഭാഗത്തിൽ ഇരട്ടയടക്കം 7 ചിത്രങ്ങളാണ് മത്സരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ മികച്ച കയ്യടികളാണ് ചിത്രത്തിന് ലഭിച്ചത്.
“അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സിനിമയെ വളരെ സീരിയസ് ആയി കാണുന്ന പ്രേക്ഷകരുടെ കൂടെ ഇരുന്ന് ചിത്രം കണ്ടത് വേറിട്ട ഒരു അനുഭവമായിരുന്നു. കൈയ്യടിയോടെയാണ് ചിത്രത്തിന്റെ ക്ലൈമാക്സിനെ പ്രേക്ഷകർ സ്വീകരിച്ചത്. അതിന് ശേഷമുള്ള ചോദ്യോത്തര വേളയിൽ അവർ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ പ്രചോദനം നൽകുന്നതായിരുന്നു” എന്നാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് ശേഷം സംവിധായകൻ രോഹിത്ത് എം ജി കൃഷ്ണൻ പറഞ്ഞത്.
Read more
മാർട്ടിൻ പ്രക്കാട്ട് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്ന ഇരട്ടയിൽ, അഞ്ജലി, അഭിറാം, സാബു, ജയിംസ് ഏലിയ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ശ്രിന്ദ തുടങ്ങിയവരാണ് മറ്റ് താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.