പക്ഷെ അതു മുതലെടുക്കുവാന്‍ പടനായകന്‍ പാച്ചുപ്പണിക്കര്‍ക്കായില്ല; തിരുവിതാംകൂറിന്റെ സേനാനായകനായി സുധീര്‍ കരമന

വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘പത്തൊന്‍പതാം നൂറ്റാണ്ടി’ന്റെ ഒന്‍പതാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സുധീര്‍ കരമന അവതരിപ്പിക്കുന്ന തിരുവിതാംകൂറിന്റെ പടനായകന്‍ പാച്ചുപ്പണിക്കരുടെ ക്യാരക്ടര്‍ പോസ്റ്ററാണ് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. സ്വന്തം നിലനില്‍പ്പിന് വേണ്ടി ആരെയും കൂസാക്കാതെ പോരാടുന്ന പാച്ചുപ്പണിക്കര്‍ ശ്രദ്ധിക്കപ്പെടുമെന്ന് വിനയന്‍ പറഞ്ഞു. ചിത്രം 2022 ആദ്യം പ്രദര്‍ശനത്തിന് എത്തും.

വിനയന്റെ കുറിപ്പ് ‘ശ്രീ ഗോകുലം മൂവീസിന്റെ ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന ബൃഹുത്തായ ചരിത്ര സിനിമയുടെ ഒന്‍പതാമതു ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്നു നിങ്ങളുടെ മുന്നില്‍ എത്തുകയാണ്. തിരുവിതാംകൂറിന്റെ പടനായകന്‍ പാച്ചുപ്പണിക്കരുടെ വേഷം അവതരിപ്പിക്കുന്നത് മലയാളികളുടെ ഇഷ്ട നടന്‍ സുധീര്‍ കരമനയാണ്. പട നയിക്കാനും അങ്കം വെട്ടാനും ഒക്കെ പേരെടുത്ത പ്രഗത്ഭനായ പടനായകന് തസ്‌കര വീരന്‍ കായംകുളം കൊച്ചുണ്ണിയെ പിടികൂടാനാകുന്നില്ല എന്നത് വലിയ അഭിമാനക്ഷതമായിരുന്നു.

അതിനു കാരണക്കാരായവരോട് വലിയ പകയും വിരോധവുമായി ഇറങ്ങി തിരിക്കുകയായിരുന്നു പടനായകന്‍. ഇതിനിടയില്‍ ആറാട്ടുപുഴ വേലായുധച്ചേകവര്‍ എന്ന അതിസാഹസികനായ പോരാളിയുടെ രംഗ പ്രവേശം തസ്‌കര വീരനെയും ഒന്നു വിറപ്പിച്ചു. പക്ഷെ അതു മുതലെടുക്കുവാന്‍ പടനായകന്‍ പാച്ചുപ്പണിക്കര്‍ക്കായില്ല. എത്ര ധീരനായ പടനായകനാണങ്കിലും പലര്‍ക്കും കൊട്ടാരത്തിലെ ഉപജാപക വൃന്ദത്തിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതൊരു സത്യമാണ്. ചിലര്‍ ചതിയില്‍ മരണപ്പെട്ടിട്ടുമുണ്ട്.

Read more

ആരെയും കൂസാത്ത തന്‍േടിയായ പാച്ചുപ്പണിക്കര്‍ക്ക് പലപ്പോഴും സ്വന്തം നിലനില്‍പ്പിനു വേണ്ടിയും പോരാടേണ്ടി വന്നു. സുധീറിന്റെ വ്യത്യസ്ഥതയുള്ള കഥാ പാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാം.