‘മലൈകോട്ടൈ വാലിബന്‍’ സിനിമയെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ ഗുസ്തിക്കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ദ ഗ്രേറ്റ് ഗാമ എന്ന് അറിയപ്പെടുന്ന ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയപ്പോള്‍ മുതല്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നു. ആരാണ് ഈ ഗ്രേറ്റ് ഗാമ എന്നാണ് പ്രേക്ഷകര്‍ തേടികൊണ്ടിരിക്കുന്നത്. ‘ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത ഫയല്‍വാന്‍’ എന്നറിയപ്പെട്ടിരുന്ന ഗുസ്തിക്കാരനാണ് ഗ്രേറ്റ് ഗാമ എന്നറിയപ്പെടുന്ന ഗാമ ഫയല്‍വാന്‍-ഗുലാം മുഹമ്മദ്.
1878ല്‍ പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച ഗാമ 1910ല്‍ നടന്ന ലോകഗുസ്തി മത്സരത്തില്‍ ലോകചാമ്പ്യന്‍ഷിപ്പ് നേടി. ഗുസ്തി മത്സരരംഗത്ത് 52 വര്‍ഷത്തോളം അജയ്യനായി തന്നെ നിലകൊണ്ട ഗാമ പഞ്ചാബ് സിംഹം എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗുസ്തിക്കാരന്‍ ആയാണ് ഗാമയെ വിശേഷിപ്പിക്കുന്നത്.
അടുത്തിടെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഡൂഡിലില്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍ അദ്ദേഹത്തോടുള്ള ആദരമര്‍പ്പിച്ചതോടെ വീണ്ടും ഗാമാചരിത്രം ഗൂഗിളില്‍ പ്രചരിച്ചു. ലോകത്തിലെ ഒരു കരുത്തനും തോല്‍പ്പിക്കാന്‍ കഴിയാത്ത ആ ഫയല്‍വാന്‍ ഇന്ത്യക്കാരനാണോ എന്നറിയാന്‍ ജനം ഗൂഗിളില്‍ പരതിയിരുന്നു.
5.7 ഇഞ്ച് ഉയരവും 118 കിലോ ഭാരവുമുണ്ടായിരുന്ന ഗാമ ഒരു ഗദയുമായി നില്‍ക്കുന്ന ചിത്രമാണ് ഗൂഗിള്‍ ഡൂഡിലാക്കിയത്. 1200 കിലോ കല്ല് ചുമന്നതു കെട്ടുകഥയാണോ എന്നറിയാനും ജനം ഗാമയുടെ പേര് തേടി. ഒളിംപിക് കമ്മിറ്റി വെബ്‌സൈറ്റില്‍ തന്നെ ഗാമയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബറോഡ മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് ഗാമ ഉയര്‍ത്തിയ ആ കല്ല് ആണത്രേ. 1902 ഡിസംബര്‍ 23ന് ആണ് ഗാമ തന്റെ ബലം രാജാവിനെ കാണിക്കാന്‍ കല്ലുയര്‍ത്തിയത്. അന്ന് അദ്ദേഹത്തിന് 22 വയസായിരുന്നു.
ഫയല്‍വാന്‍ ഗാമയുടെ ചിത്രവും മലൈക്കോട്ടൈ വാലിബന്റെ ടൈറ്റിലും നോക്കിയാല്‍ സിനിമ ‘ഗ്രേറ്റ് ഫയല്‍വാന്‍ ഗാമ’യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതായിരിക്കും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.