വിദ്യാബാലനും മാധുരി ദീക്ഷിതും വേണ്ടെന്നുവച്ച ചിത്രത്തില്‍ സണ്ണിലിയോണ്‍

ഇന്ത്യന്‍ സിനിമയിലെ സിന്‍ഡ്രല്ല എന്നറിയപ്പെട്ടിരുന്ന പ്രശസ്ത നടി മീനാകുമാരിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ ആരാകും മീനയാകുക എന്ന ആകാംക്ഷയിലാണ് സിനിമാലോകം. ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് ദേശീയ അവാര്‍ഡ് ജേതാവ് വിദ്യാ ബാലനും മാധുരി ദീക്ഷിതും പറഞ്ഞതോടെ സണ്ണിലിയോണായിരിക്കും മീനയാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സണ്ണി മാത്രമാണ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ കരണ്‍ റസ്ദാന്‍ പറഞ്ഞു.

ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അഭിനയിക്കാന്‍ തയ്യാറായത് സണ്ണി ലിയോണ്‍ മാത്രമാണ്. മീനകുമാരിയെ കുറിച്ചുള്ള സിനിമ നിര്‍മിക്കുന്നുവെന്നറിഞ്ഞ സണ്ണി കഥ കേള്‍ക്കണമെന്ന് താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. “എന്നാണ് നമ്മള്‍ ഈ സിനിമ തുടങ്ങുന്നത്” എന്നായിരുന്നു സണ്ണിയുടെ പ്രതികരണം എന്നും കരണ്‍ പറഞ്ഞു. ഈ കഥാപാത്രം ചെയ്യാന്‍ നല്ല ധൈര്യം ആവശ്യമാണ്. സണ്ണി ലിയോണ്‍ ഒരു ഉചിതമായ തെരഞ്ഞെടുപ്പല്ലെങ്കിലും അവര്‍ മാത്രമാണ് ചിത്രത്തെക്കുറിച്ച് ഏറെ ആകാംക്ഷയോടെ സംസാരിച്ചതെന്നും കരണ്‍ വ്യക്തമാക്കി.

ബോളിവുഡിന്റെ പ്രിയ നായികയെ അവതരിപ്പിക്കാന്‍ മാധുരി ദീക്ഷിതിനെയാണ് കരണ്‍ ആദ്യം മനസില്‍ കണ്ടത്. എന്നാല്‍ മാധുരി വിയോജിപ്പ് പ്രകടിപ്പിച്ചതോടെ സില്‍ക് സ്മിതയുടെ ജീവിതകഥ അവതരിപ്പ് ദേശീയ അവാര്‍ഡ് നേടിയ വിദ്യാ ബാലനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി സീരിയസ് കഥാപാത്രങ്ങളാണ് താന്‍ ചെയ്യുന്നതെന്നും അല്ലാത്ത കഥാപാത്രങ്ങളാണ് ഇനി നോക്കുന്നതെന്നുമായിരുന്നു വിദ്യയുടെ മറുപടി.

Read more

1939ല്‍ ഫര്‍സന്റ് ഏ വദന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച മീനാ കുമാരിയുടെ ജീവിതം ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.നടി, ഗായിക, എഴുത്തുകാരി എന്നീ നിലകളില്‍ തിളങ്ങിയ മീനകുമാരി സ്വകാര്യ ജീവിതത്തില്‍ ദുരന്തനായികയായിരുന്നു. തന്റെ കഥാപാത്രമായ ചോട്ടിബഹുവിനെ പോലെ അമിത മദ്യപാനവും അലസമായ ജീവിതവും കാരണം കരള്‍ രോഗത്തിനടിമപ്പെട്ടാണ് മീന ലോകത്തോട് വിടപറഞ്ഞത്. മുഴുവനായും മീനാകുമാരിയുടെ ജീവിതമല്ലെങ്കിലും, അവരുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ഈ ചിത്രം ചെയ്യുന്നതെന്ന് കരണ്‍ പറഞ്ഞു.