പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്‍? സ്ഥാനാര്‍ത്ഥിത്വം പരിഗണിച്ച് ബിജെപി; വിശദീകരിച്ച് മാനേജര്‍

വര്‍ഗീയത നിറഞ്ഞ ആക്രമണങ്ങളെ മിക്കപ്പോഴും നേരിടേണ്ടി വരാറുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖം എന്ന വിമര്‍ശനങ്ങളും ഉണ്ണി മുകുന്ദന്‍ കേള്‍ക്കാറുണ്ട്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഉണ്ണി മുകുന്ദന്റെ പേരും ചര്‍ച്ചയാകാറുണ്ട്. ബിജപി ടിക്കറ്റില്‍ ഉണ്ണി മത്സരിക്കുമെന്ന പ്രചാരണങ്ങളും എത്താറുണ്ട്.

എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് താരം പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ, വീണ്ടും അത്തരത്തിലുള്ള വാര്‍ത്തകളാണ് വീണ്ടും പ്രചരിക്കുന്നത്. ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദന്‍ മത്സരരംഗത്ത് ഉണ്ടാകും എന്നാണ് പുതിയ വാര്‍ത്തകള്‍.

ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്റെ മാനേജര്‍ വിപിന്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവിരുദ്ധമെന്ന് നടന്റെ മാനേജര്‍ വ്യക്തമാക്കി. സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി മുകുന്ദന്‍ തല്‍ക്കാലം ആലോചിക്കുന്നത്.

മറ്റൊന്നിനും താല്‍പര്യമില്ലെന്നാണ് മനേജര്‍ വ്യക്തമാക്കുന്നത്. പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പരിഗണിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അഗത്വമില്ല.

സിനിമാ നടനെന്ന നിലയില്‍ അദ്ദേഹം കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ആരാണ് അതിന് പിന്നിലെന്ന് അറിയില്ല. പക്ഷേ, അതിലൊന്നും യാതൊരു കഴമ്പുമില്ല. ഉണ്ണി ഇപ്പോള്‍ സിനിമയുമായി നല്ല തിരക്കിലാണ്. മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്ന് മാനേജര്‍ വ്യക്തമാക്കി.