തികച്ചും വ്യത്യസ്തമായ പ്രമേയം, വേറെ ലെവല്‍; ജാക്ക് ഡാനിയലിനെക്കുറിച്ച് പ്രേക്ഷകര്‍

എസ് എല്‍ പുരം ജയസൂര്യയുടെ ദിലീപ് ചിത്രം ജാക്ക് ഡാനിയല്‍ തികച്ചും വ്യത്യസ്തമായ ഒരു സിനിമാ അനുഭവമായിരുന്നുവെന്ന് പ്രേക്ഷകര്‍. ചിത്രം വേറെ ലെവലാണെന്നും വേറിട്ട ഒരു ദിലീപ് കഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നതെന്നും സോഷ്യല്‍മീഡിയ റിവ്യൂസ് പറയുന്നു.

2007ല്‍ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും എസ്.എല്‍ പുരം ജയസൂര്യയും ഒരുമിക്കുന്ന ചിത്രമാണിത്. ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജ ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നു. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. അജു വര്‍ഗ്ഗീസ് ദേവന്‍, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read more

ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ശിവകുമാര്‍ വിജയന്‍. ഷാന്‍ റഹമാനും ഗോപി സുന്ദറും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.