അടി, വെടി, തട്ടിപ്പ്: സുകേഷ് ചന്ദ്രശേഖറിനെക്കുറിച്ച് ഡോക്യുമെന്ററി; നടി ജാക്വിലിന്‍ ഫെര്‍ണ്ടാസിനെ കണ്ട് നിര്‍മാതാക്കള്‍; ലീന മരിയയുടെ കൊച്ചി കഥയും 'പുറത്തറിയും'

കുപ്രസിദ്ധ തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖറിനെ കുറിച്ച് ഡോക്യുമെന്ററി. ഇക്കാര്യവുമായി ബന്ധപ്പെട്ട് സുകേഷിന്റെ കാമുകിയെന്ന് വിശേഷിക്കപ്പെട്ട നടി ജാക്വിലിന്‍ ഫെര്‍ണ്ടാസിനെ നിര്‍മാതാക്കള്‍ സമീപിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, ജാക്വിലിന്‍ തന്റെ കാമുകിയാണെന്ന് സുകേഷ് അവകാശപ്പെട്ടിരുന്നു. ജയിലില്‍ നിന്ന് ജാക്വിലിന് സുകേഷ് കത്തുകളും സമ്മാനങ്ങളും അയക്കാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഇതു സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരുന്നു.

സുകേഷിന്റെ ജീവിതം ഒരു സൈക്കോളജിക്കല്‍ ത്രില്ലറായി ചിത്രീകരിക്കാനാണ് തങ്ങളുടെ പദ്ധതിയെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. സുകേഷിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ജാക്വിലിനാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍, സുകേഷ് കാമുകനാണെന്ന റിപ്പോര്‍ട്ടുകള്‍ ജാക്വിലിന്‍ തള്ളിക്കളഞ്ഞിരുന്നു.

സുകേഷിന്റെ കോടതിയിലെ നാടകീയ സംഭവങ്ങള്‍ക്കൊപ്പം, ഫോണ്‍ ചോര്‍ത്തല്‍, വലിയ തുക കൈക്കൂലി നല്‍കല്‍, നിഗൂഢമായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

നിര്‍മാതാക്കള്‍ക്ക് ജാക്വിലിന്‍ ഇതുവരെ സമ്മതം നല്‍കിയിട്ടില്ല. പരിഗണിക്കാമെന്നാണ് മറുപടി നല്‍കിയതെന്നും തന്റെ ഭാഗം എങ്ങനെ ചിത്രീകരിക്കപ്പെടും എന്നതില്‍ അവര്‍ക്ക് ആശങ്കയുണ്ടെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗവേഷണത്തിന് ശേഷം 2026 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. മുഴുവന്‍ പ്രീ-പ്രൊഡക്ഷന്‍ ജോലികളും നിയമവിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസില്‍ സുകേഷ് 2015 മുതല്‍ ജയിലിലാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായുള്ള ബന്ധം പുറത്തുവന്നത്.

ബെംഗളൂരുവിലെ ഭവാനി നഗറിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച സുകേഷിന്റെ വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസ് മാത്രമാണ്. പാര്‍ട്ട് ടൈം കോണ്‍ട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു സുകേഷിന്റെ പിതാവ് വിജയന്‍ ചന്ദ്രശേഖര്‍. 2010ല്‍ സുകേഷിന്റെ സഹായത്തോടെ പിതാവ് അടുക്കള ഉപകരണ വ്യാപാരിയായ ഒരാളെ കബളിപ്പിച്ചു. തുടര്‍ന്ന് അറസ്റ്റിലായ വിജയന്‍ അടുത്തിടെയാണ് നിര്യാതനായത്. അതിനിടയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ സുകേഷ് ഇറങ്ങി തിരിച്ചു. ബെംഗളൂരുവിലെ കാര്‍-റേസിങ് മേഖല അയാളെ വല്ലാതെ ആകര്‍ഷിച്ചു. അവിടെ,സുകേഷ് കോടീശ്വരനായി തീരാനുള്ള സ്വപ്നം കണ്ടുതുടങ്ങി.

സുകേഷിന്റെ ജീവിത പങ്കാളിയായിരുന്നു കൊച്ചി സ്വദേശിയായ ലീന മരിയയും വിവാദങ്ങളില്‍ പങ്കാളിയായിരുന്നു. 2009 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ റെഡ് ചില്ലീസിലൂടെയാണ് ലീന സിനിമ ലോകത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് ഹസ്ബന്റ്‌സ് ഇന്‍ ഗോവ (2012), കോബ്ര (2012) ബിരിയാണി (2013) തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവര്‍ ബംഗളുരിവില്‍ ദെന്റിസ്റ്റ് കോഴ്‌സ് ചെയ്തിരുന്നുവെങ്കിലും പിന്നീട് സിനിമയോടുള്ള താല്പര്യം കാരണം ആ വഴിക്ക് സഞ്ചരിക്കുകയായിരുന്നു.

2013 ല്‍ ചെന്നൈയിലെ ഒരു ബാങ്കില്‍ 19 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ലീനയെയും ചന്ദ്രശേഖറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രശേഖറിനെ ഒരാഴ്ച കഴിഞ്ഞാണ് പോലീസ് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന പോലീസ് ലീനയുടെ പക്കല്‍ നിന്ന് ഒന്‍പത് ആഢംബരം കാറുകളും 81 വിലയേറിയ വാച്ചുകളും കണ്ടെടുത്തിരുന്നു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പേരമകനാണെന്ന വ്യാജേന തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ആന്ധ്രയിലേയും നിരവധി പേരില്‍ നിന്ന് ഏകദേശം 15 കോടിയോളം രൂപ ഇദ്ദേഹ തട്ടിയെടുത്തയായി പോലീസ് ആരോപിച്ചിരുന്നു.

Read more

എന്നാല്‍ പിന്നാട് ജാമ്യം ലഭിച്ച ഇരുവരും മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. എന്നാല്‍ 2015 ല്‍ ഗോരിഗാവോണില്‍ ഇരുവരെയും പത്ത് കോടി രൂപയുടെ മറ്റൊരു തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. 2018 ഡിസംബറില്‍ കൊച്ചിയിലെ തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ ഒരു ഗണ്‍ ഷൂട്ടിംഗ് നടന്നതിന് പിന്നാലെയും ലീന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2019 ല്‍ അറസ്റ്റിലായ കുപ്രസിദ്ധനായ അധോലോക ഗുണ്ട രവി സൂലിയ പൂജാരി ആ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പറയപ്പെടുന്നു.