'ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്ന് 43 വര്‍ഷം'; ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മ്മകളുമായി ജഗതി

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ജഗതി. മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ നടന്‍. രൂപത്തിലും ഭാവത്തിലും എന്തിനധികം പറയണം ഒരു നോട്ടം കൊണ്ടുപോലും മലയാളികളെ ചിരിപ്പിച്ച നടന്റെ പച്ചാളം ഭാസിയും ‘മിന്നാരം’ സിനിമയിലെ ഉണ്ണുണ്ണിയും ‘കിലുക്ക’ത്തിലെ നിശ്ചലുമൊക്കെ അനശ്വരമാക്കിയ കഥാപത്രങ്ങളില്‍ ചിലത് മാത്രം.

43-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ജഗതി ഇപ്പോള്‍. ഭാര്യ ശോഭയ്‌ക്കൊപ്പമുള്ള താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്ന് 43 വര്‍ഷം’ എന്ന കുറിപ്പോടെയാണ് ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

മുണ്ടും ജുബ്ബയുമിട്ട് ഭാര്യയ്ക്കൊപ്പം നടക്കുന്ന ജഗതിയാണ് ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലുള്ളത്. വാഹനപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം സിനിമയില്‍ നിന്നു വിട്ടുനിന്ന ജഗതി സിബിഐ 5 എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

2012ല്‍ മലപ്പുറം തേഞ്ഞിപ്പലത്തുണ്ടായ കാര്‍ അപകടത്തിലാണ് ജഗതിക്ക് ഗുരുതര പരിക്കേറ്റത്. സിബിഐ 5ല്‍ തന്റെ ഐക്കോണിക് കഥാപാത്രമായ വിക്രം എന്ന ഇന്‍സ്പെക്ടറുടെ വേഷത്തില്‍ തന്നെയാണ് ജഗതി എത്തിയത്.

Read more