എ സര്‍ട്ടിഫിക്കറ്റ് ചിത്രം 'കബീര്‍സിംഗ്' കാണാന്‍ ആധാറിലെ പ്രായം തിരുത്തി വിദ്യാര്‍ത്ഥികള്‍, തടയേണ്ടത് തിയേറ്ററുകളെന്ന് ബുക് മൈഷോ

ഹിന്ദി അര്‍ജ്ജുന്‍ റെഡ്ഡി കബീര്‍സിംഗ് തിയേറ്ററുകളില്‍ കോടികള്‍ വാരി മുന്നേറുകയാണ്. സ്ത്രീവിരുദ്ധതയെന്ന പേരില്‍ വിമര്‍ശനം നേരിടുന്നുണ്ടെങ്കിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അഡറ്റ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റുള്ളതിനാല്‍ സിനിമ കാണാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ ആധാര്‍ തിരുത്തി ചിത്രം കാണാന്‍ കയറിയെന്ന സംഭവവും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജയ്പൂരില്‍ നിന്നാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ആധാര്‍ കാര്‍ഡിന്റെ ചിത്രങ്ങള്‍ മൊബൈലില്‍ എടുക്കുകയും പിന്നീട് പ്രത്യേകതരം ആപ്ലിക്കേഷന്‍ വഴി അത് എഡിറ്റ് ചെയ്ത് പ്രായത്തിന് മാറ്റം വരുത്തുകയുമായിരുന്നു കുട്ടികള്‍.

പ്രമുഖ ഓണ്‍ലൈന്‍ സിനിമ ബുക്കിംഗ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോയും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ആളുകള്‍ മാത്രമേ സിനിമ കാണാവൂ എന്ന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവരോട് അവരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറയാന്‍ ഞങ്ങള്‍ക്കാകുമോ. അത് ചെയ്യേണ്ടത് തിയേറ്ററുകള്‍ തന്നെയാണ്. അവരാണ് അതിന് ഫലപ്രദമായ ഒരു സംവിധാനം കൊണ്ടു വരേണ്ടത്.

ഷാഹിദ് കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണറായി ചിത്രം മാറിയെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 20.21 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍. രണ്ടാം ദിവസം 22.71 കോടി രൂപ ലഭിച്ചു. ഇന്ത്യയൊട്ടാകെ ആകെ 3123 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്കും ഒരുക്കിയിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ടി-സീരിസാണ് നിര്‍മ്മാണം.