ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കുതിക്കുകയാണ്. മലയാള സിനിമയുടെ കാഴ്ചശീലങ്ങളെ വെല്ലുവിളിക്കുന്ന ലിജോ എന്ന സംവിധായകന്റെ മറ്റൊരു വലിയ ചുവടുവെയ്പ്പാണ് ഈ ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രം വിജയകരമായി കുതിക്കുമ്പോള്‍ ചിത്രത്തിന്റെ അണിയറ കാഴ്ച്ചകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പുതുതായി പുറത്തുവിട്ട സ്‌നീക്ക് പീക്ക് വീഡിയോയില്‍ ചിത്രം പറയുന്ന കഥയ്ക്ക് സമാനമായ സംഭവത്തെ കുറിച്ചുള്ള കട്ടപ്പനക്കാരുടെ സംസാരമാണ് കാണിക്കുന്നത്.
പോത്തിന്റെ ഓട്ടം നിസ്സാര സംഭവമല്ല, ഇതൊരു ഭയങ്കര സംഭവമാണെന്നും ചിത്രം എഴുതിയുണ്ടാക്കിയ ആള്‍ ഇതിനെ കുറിച്ച് നല്ല അറിവുള്ള ആളാണെന്നു കട്ടപ്പനക്കാര്‍ വീഡിയോയില്‍ പറയുന്നത്. നല്ല ഒറിജിനാലിറ്റി ആണ് ചിത്രത്തിനെന്നും നാട്ടുകാര്‍ പറയുന്നു. ഷൂട്ടിംഗ് വേളയിലെ ഇടവേളയില്‍ എടുത്ത ലൊക്കേഷന്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒരു ഗ്രാമത്തില്‍ കയറു പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.