'ബ്രില്ല്യന്റ്' ; ജല്ലിക്കട്ട്, പ്രേക്ഷക പ്രതികരണം

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജല്ലിക്കട്ടിനെ ഏറ്റെടുത്ത് പ്രേക്ഷകര്‍. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് സോഷ്യല്‍മീഡിയയില്‍ പ്രേക്ഷകര്‍ പങ്കുവെക്കുന്നത്. ലിജോ ബ്രില്ല്യന്റ് എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.

ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഗംഭീര അഭിപ്രായം നേടിയ ജല്ലിക്കട്ട് ലോകോത്തര വെബ്സൈറ്റായ റോട്ടന്‍ടൊമാറ്റോയിലും ഇടംനേടിയിരുന്നു. ടൊറന്റോയില്‍ ഹൊറര്‍, സയന്‍സ്ഫിക്ഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചവയില്‍നിന്ന് വെബ്സൈറ്റ് തിരഞ്ഞെടുത്ത മികച്ച പത്തു ചിത്രങ്ങളില്‍ ഒന്ന് ജല്ലിക്കട്ടായിരുന്നു.

ഈ വിഭാഗത്തില്‍പെട്ട നൂറുകണക്കിനു സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ട് 10 ല്‍ ഇടം നേടിയതെന്നത് എടുത്തു പറയേണ്ടതാണ്. ഈ വര്‍ഷത്തെ ഏറ്റവും വ്യത്യസ്തവും മികച്ചതുമായ സിനിമാ അനുഭവമായിരിക്കും ജല്ലിക്കട്ട് എന്നാണ് റോട്ടന്‍ടൊമാറ്റോ ചിത്രത്തെ കുറിച്ച് കുറിച്ചത്. നൂറുകണക്കിന് ആളുകള്‍, കാട്ടിലൂടെ കത്തിയും മറ്റ് ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങള്‍ “മാഡ് മാക്സ്” സിനിമകളെ അനുസ്മരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വൈബ്സൈറ്റില്‍ പറയുന്നത്.

വിരണ്ടോടുന്ന പോത്ത് ഗ്രാമത്തെ പിടിച്ചുലയ്ക്കുന്നതും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അതിനാല്‍ ആവണം ആന്റണി വര്‍ഗീസും ചെമ്പന്‍ വിനോദും സാബുമോനുമൊക്കെ കഥാപാത്രങ്ങളാവുന്നുണ്ടെങ്കിലും കയറുപൊട്ടിച്ചോടുന്ന പോത്ത് മാത്രമാണ് പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Read more

ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എസ് ഹരീഷിന്റെ “മാവോയിസ്റ്റ്” എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു ജോസഫ്. സംഗീതം പ്രശാന്ത് പിള്ള.