2009ല്‍ പുറത്തിറങ്ങിയ ഈയൊരു സിനിമ ഓരോ തവണ കാണുമ്പോഴും അത്ഭുതമാണ്. ജെയിംസ് കാമറൂണ്‍ എന്ന പ്രതിഭയുടെ മാജിക്കല്‍ മൂവി, സാങ്കേതികമികവും, അഭിനയവും, മ്യൂസിക്കും, നല്ലൊരു സ്റ്റോറിയും ഒക്കെയുള്ള ഒരു അത്യപൂര്‍വമായ സിനിമ. 1994ല്‍ ഇതിന്റെ ആശയം ഉണ്ടാക്കിയ ജെയിംസ് കാമറൂണിന് അന്ന് ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. തന്റെ മനസിലുള്ള സിനിമ പകര്‍ത്താനുള്ള സാങ്കേതിക വിദ്യ നിലവില്‍ ഇല്ലെന്ന് മനസിലാക്കി 15 വര്‍ഷത്തോളം കാത്തിരുന്ന് ചിത്രീകരിച്ച ബ്രഹ്‌മാണ്ഡ സിനിമ. അവതാര്‍, പേര് പോലെ തന്നെ ലോക സിനിമയില്‍ ഒരു അവതാരപിറവി ആയിരുന്നു റെക്കോര്‍ഡുകള്‍ വാരി കൂട്ടിയ ഈ സിനിമ.
ടൈറ്റാനിക് ചിത്രീകരിക്കുന്നത്തിനും മുമ്പേ അവതാറിന്റെ തിരക്കഥ പൂര്‍ത്തിയായിരുന്നു. 2005ല്‍ ആണ് സിനിമയ്ക്കായി ഡോ. പോള്‍ ഫോര്‍മറം സംവിധായകനും ചേര്‍ന്ന് 1000 വാക്കുകള്‍ അടങ്ങുന്ന നാവി ഭാഷ ഉണ്ടാക്കിയത്. 2006ല്‍ ഫിക്ഷണല്‍ യൂണിവേഴ്‌സ് അടിസ്ഥാനമാക്കി കാമറൂണ്‍ തിരക്കഥ പൂര്‍ത്തിയാക്കി. 237 മില്യണ്‍ ഡോളര്‍ ആയിരുന്നു സിനിമയുടെ ബജറ്റ്. 2 ബില്യണ്‍ ഡോളറില്‍ അധിക കളക്ഷനാണ് സിനിമ നേടിയത്. മാത്രമല്ല അവതാറിന് വേണ്ടി വോള്യം എന്ന ഒരു ക്യാമറ നിര്‍മ്മിക്കുകയും അതിന്റെ പേറ്റന്റ് സംവിധായകന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.
ന്യൂസിലാന്‍ഡിലെ വെറ്റ (WETA) ഡിജിറ്റല്‍ എന്ന കമ്പനിയാണ് അവതാറിന്റെ ഗ്രാഫിക്‌സുകള്‍ നിര്‍മ്മിച്ചത്. നാവികളായി അഭിനയിച്ച അഭിനേതാക്കളുടെ തലയോട് ചേര്‍ത്ത് വെച്ച ക്യാമറകള്‍ ഉപയോഗിച്ച് അവരുടെ എക്‌സ്പ്രഷന്‍സ് പകര്‍ത്തുകയും അതുപയോഗിച്ച് സിജി വര്‍ക്കുകള്‍ ചെയ്യുകയും, 60 ശതമാനത്തോളം ഫോട്ടോ റിയലിസ്റ്റിക് സിജിഐ വര്‍ക്കുകള്‍ ഉള്‍പെടുത്തിയതുമായിരുന്നു ഈ സിനിമ. അതിനായി മോഷന്‍ കാപ്ചര്‍ ടെക്നോളജിയും ഉപയോഗിച്ചിരുന്നു.
അന്യഗ്രഹമായ പണ്ടോറയില്‍ വെള്ളത്തിനും മറ്റു ധാതു ഖനനത്തിനും വേണ്ടി മനുഷ്യരെ അയക്കുന്ന സയന്‍സ് ഫിക്ഷന്‍ മൂവിയാണ് അവതാര്‍. അവിടുത്തെ മനുഷ്യ സാദ്യശ്യമുള്ള ജീവികളായ നാവികളെ പോലെ ശ്വസിക്കാന്‍ മനുഷ്യര്‍ക്ക് കഴിയാത്തതിനാല്‍ നാവികളുടെ ക്ലോണുകളായി മനുഷ്യരെ സ്യഷ്ടിച്ച് അങ്ങോട്ട് കയറ്റി അയക്കുന്നു, അവിടെ മനുഷ്യ നിര്‍മ്മിത കോളനികള്‍ ഉണ്ടാക്കാന്‍. ഒരു യുദ്ധത്തില്‍ ഉണ്ടായ അപകടം മൂലം അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപെട്ട ജാക് സള്ളിയാണ് നായകന്‍. തന്റെ ചലനശേഷി വീണ്ടെടുക്കാന്‍ കൂടിയാണ് നായകന്‍ ഈ ദൗത്യം ഏറ്റെടുക്കുന്നത് എന്നാല്‍ അവിടെയെത്തി അവിടുത്തെ രാജകുമാരി നെയറ്റിരിയെ പരിചയപെടുന്നതോടെ നാവികളുടെ കൂടെ നില്‍ക്കാന്‍ നായകന്‍ തീരുമാനിക്കുകയും തുടര്‍ന്നുണ്ടാകുന്ന വെല്ലുവിളികളുമാണ് സിനിമയില്‍ കാണിക്കുന്നത്. ഒരു ഫെയറി ടെയ്ല്‍ വായിക്കുന്ന പോലെ കാണാവുന്ന ഈ സിനിമ എത്ര തവണ കാണുമ്പോഴും ഫ്രഷ്നസ് തോന്നും.
13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അവതാറിന്റെ രണ്ടാം ഭാഗം ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ സിനിമ വരുന്നത്. ഡിസംബര്‍ 16ന് ആണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. സിനിമാ ചരിത്രത്തില്‍ മറ്റൊരു പുതിയ റെക്കോര്‍ഡ് ആണ് സിനിമ ഉണ്ടാക്കാന്‍ ഒരുങ്ങുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ട്രെയ്‌ലറും ഒക്കെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ ഹരം കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ അവതാര്‍ ആരാധകരെ നിരാശയില്‍ ആക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഈ അടുത്ത ദിവസങ്ങളിലായി വന്നു കൊണ്ടിരിക്കുന്നത്.
അവതാര്‍ 2 സംസ്ഥാനത്തെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് തീരുമാനമെടുത്തിരിക്കുന്നത്. സിനിമ തിയേറ്ററുകളില്‍ നല്‍കുന്നതിന് വിതരണക്കാര്‍ കൂടുതല്‍ തുക ചോദിച്ചു. ഇത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് തിയേറ്ററുടമകളുടെ നിലപാട്
ചര്‍ച്ചകളൊന്നുമില്ലാതെ വിതരണക്കാര്‍ ഉടമകള്‍ക്ക് നേരിട്ട് കരാര്‍ അയച്ചു. ആവശ്യപ്പെടുന്ന വലിയ തുക കെട്ടിവയ്ക്കണം, മൂന്നാഴ്ചയെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കണം തുടങ്ങിയ വ്യവസ്ഥകളും കരാറില്‍ ഉണ്ട്. ഏത് വമ്പന്‍ ചിത്രമാണെങ്കിലും തിയേറ്ററുകളെ ബുദ്ധിമുട്ടിച്ചു കൊണ്ട് വന്നാല്‍ പ്രദര്‍ശിപ്പിക്കില്ല എന്നാണ് തിയേറ്ററുടമകളുടെ നിലപാട്. എന്നാല്‍ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സിനിമ പ്രദര്‍ശിപ്പിക്കും എന്ന നിലപാടിലാണ്. എന്തായാലും എങ്ങനെ ആയാലും ഡിസംബര്‍ 16ന് തന്നെ സിനിമ കാണാന്‍ പറ്റിയാല്‍ മതി.