ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയ ഹേ’ സിനിമ ഒ.ടി.ടിയില്‍ എത്തുന്നു. ചിത്രം ഡിസംബര്‍ 22 മുതല്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 28ന് ആയിരുന്നു തിയേറ്ററില്‍ റിലീസ് ചെയ്തത്.
സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ് തയ്യാറാക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. ചിത്രം ഏറെ പ്രശംസകളും നേടിയിരുന്നു. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, എ.എ റഹീം എന്നിവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
തന്റെ മുന്നില്‍ പരാതികളുമായി എത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കണ്ടപ്പോള്‍ മനസില്‍ തെളിഞ്ഞത് എന്നായിരുന്നു കെ.കെ ശൈലജ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ സാമൂഹ്യഘടനയെ നിശിതമായി കടന്നാക്രമിക്കുകയാണ് ‘ജയജയജയഹേ’ എന്നായിരുന്നു എ എ റഹീം കുറിച്ചത്.
തിയേറ്ററുകളില്‍ പ്രേക്ഷകരെ പൊട്ടിട്ടിച്ചിരിപ്പിച്ച സിനിമ കൂടിയാണിത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒരു കുഞ്ഞു സിനിമയായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം ഹിറ്റ് ആയിരുന്നു. അങ്കിത് മേനോന്‍ ആണ് സംഗീതം ഒരുക്കിയത്.
ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‌ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം. ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.