ആര്‍തി വീട്ടില്‍ നിന്നും പുറത്താക്കി, സാധനങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കണം; പൊലീസില്‍ പരാതി നല്‍കി ജയം രവി

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടന്‍ ജയം രവി. ഭാര്യ ആര്‍തിയുടെ പ്രതികരണവും, കുടുംബ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തതുമെല്ലാം ചര്‍ച്ചയായിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി ഡിവോഴ്‌സ് പ്രഖ്യാപിച്ചത് എന്നായിരുന്നു ആര്‍തിയുടെ പ്രതികരണം.

15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് ഭാര്യയുമായുള്ള വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുന്നു എന്ന് രവി പ്രഖ്യാപിച്ചത്. ആര്‍തിക്കെതിരെ ജയം രവി പൊലീസില്‍ പരാതി നല്‍കി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചെന്നൈയിലെ അഡയാര്‍ പൊലീസ് സ്റ്റേഷനിലാണ് നടന്‍ ആര്‍തിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ആര്‍തി വീട്ടില്‍ നിന്നും തന്നെ പുറത്താക്കിയതായാണ് ജയം രവി ആരോപിക്കുന്നത്. ഇസിആര്‍ റോഡിലെ ആര്‍തിയുടെ വസതിയില്‍ നിന്ന് തന്റെ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കണമെന്ന് ജയം രവി തന്റെ പരാതിയില്‍ പൊലീസിനോട് അഭ്യര്‍ഥിച്ചു. അതേസമയം, ജയം രവിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും പ്രഖ്യാപനത്തില്‍ താന്‍ ഞെട്ടിയെന്നും ആരതി പറഞ്ഞിരുന്നു.

താനും മക്കളും നടനെ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ആര്‍തി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. അതേസമയം, വൈകാതെ തന്നെ കുട്ടികളുടെ കസ്റ്റഡിയ്ക്കായി നിമയപോരാട്ടത്തിന് ഇറങ്ങുമെന്ന് ജയം രവി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും മക്കളുടെ കസ്റ്റഡി നേടും.

മകനെ സിനിമയില്‍ എത്തിക്കണം എന്നാണ് ജയം രവി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനിടെ ഗായിക കെനിഷയുമായി ജയം രവി പ്രണയത്തിലാണെന്നും ഇത് ആരതി അറിഞ്ഞതോടെയാണ് വിവാഹമോചനം പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ കെനിഷയുമായി തനിക്ക് അങ്ങനെ ബന്ധമൊന്നുമില്ലെന്ന് ജയം രവി വ്യക്തമാക്കിയിരുന്നു.