32 വര്‍ഷം മുമ്പ് തങ്ങളുടെ വിവാഹം നടന്ന അതേ നടയിലാണ് മകള്‍ മാളവികയുടെ വിവാഹവും നടന്നതെന്ന് ജയറാം. ഗുരുവായൂരില്‍ വച്ച് 6.15ന് ആയിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങളാണ് ഇത്, അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ സാധ്യമല്ല. ഗുരുവായൂരപ്പന്‍ ഈ വിവാഹം വളരെ ഭംഗിയായി നടത്തിത്തന്നു അത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂരപ്പന്റെ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്കും ഉണ്ടായി.
അതുപോലെ മകളുടെ വിവാഹവും നടന്നതില്‍ സന്തോഷമുണ്ട് എന്നാണ് ജയറാം പറയുന്നത്. ഏത് മാതാപിതാക്കളുടെയും വലിയ ആഗ്രഹമല്ലേ കുട്ടികളുടെ വിവാഹം ഭംഗിയായി നടത്തുക എന്നുള്ളത്. ഞാന്‍ കൂടുതല്‍ എന്ത് പറയാനാണ്. ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതിയുടെ വാക്കുകള്‍.
ഭയങ്കര വികാരഭരിതമായ നിമിഷങ്ങളാണ്. എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇത്രയും ചെറിയ ആള് ഇപ്പോള്‍ കല്യാണം കഴിച്ചു പോവുകയാണ് എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് കാളിദാസ് പറയുന്നത്.
അതേസമയം, പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരന്‍. നവനീത് യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. താലികെട്ട് ചടങ്ങില്‍ കാളിദാസ് ജയറാമിന്റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ എത്തിയിരുന്നു.