ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ‘അബ്രഹാം ഓസ്‌ലര്‍’ ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണം. ‘അഞ്ചാം പാതിര’ എന്ന ചിത്രത്തിന് ശേഷം മിഥുന്‍ ഒരുക്കിയ ഗംഭീര ചിത്രം എന്നാണ് തിയേറ്ററില്‍ നിന്ന് ഇറങ്ങുന്ന പ്രേക്ഷകര്‍ പറയുന്നത്. ജയറാമിനെ പ്രശംസിച്ചും ഒപ്പം മമ്മൂട്ടിയുടെ കാമിയോ റോളിനെ ആഘോഷിച്ചുമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ഓസ്‌ലര്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ”ആദ്യ പകുതിയില്‍ കാണിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ നന്നായി പ്രസന്റ് ചെയ്തു. ജയറാമിന്റെ ചെയ്ഞ്ച് സ്വാഗതാര്‍ഹമാണ്. സെക്കന്‍ഡ് ഹാഫ് ആണ് എല്ലാം തീരുമാനിക്കുന്നത്” എന്നാണ് ഒരു കുറിപ്പ്.
”അഞ്ചാം പാതിരയ്ക്ക് സമാന്തരമായി പോകുന്ന ചിത്രം. നിഗൂഢതയില്‍ മാറ്റമില്ല, അന്വേഷ ഭാഗങ്ങള്‍ ഒരുപാട് സമയമെടുക്കുന്നു. ജയറാമിന്റെ പ്രകടനം, കഥാപാത്രത്തിന്റെ ചിത്രീകരണം, സംവിധാനം, തിരക്കഥ എല്ലാം മികച്ചതാണ്. സെക്കന്‍ഡ് ഹാഫ് പെര്‍ഫെക്ട്” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.
”എന്‍ഗേജ് ചെയ്യിക്കുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ തിരക്കഥ, ജയറാമിന്റെ പ്രകടനം എല്ലാം മികച്ചതായിരുന്നു. മമ്മൂട്ടിയുടെ അതിഥി വേഷം തീയാണ്. ബോറടിപ്പിക്കുന്ന രംഗങ്ങള്‍ ഇല്ല. നല്ല ട്വിസ്റ്റുകള്‍ ഉണ്ട്, ഫ്‌ലാഷ്ബാക്ക് രംഗങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടിയത് പോലെ തോന്നി. ക്ലൈമാക്‌സ് രണ്ടാം ഭാഗത്തിന്റെ സൂചനയാണ് നല്‍കുന്നത്” എന്നാണ് മറ്റൊരു അഭിപ്രായം.
അതേസമയം, അനൂപ് മേനോന്‍, അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സെന്തില്‍ കൃഷ്ണ, ആര്യ സലിം, സൈജു കുറുപ്പ്, ജഗദീഷ്, ദിലീഷ് പോത്തന്‍, സായികുമാര്‍, അര്‍ജുന്‍ നന്ദകുമാര്‍, അനീഷ് ഗോപാല്‍, ശ്രീം രാമചന്ദ്രന്‍, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.