ജാസിയുടെ സർപ്രൈസ് ഗിഫ്റ്റ്, 'തെക്ക് വടക്കിലെ' ആ ഗാനം റിലീസ് വരെ രഹസ്യം; ഒക്ടോബർ നാലിന് കാണാം

വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് സിനിമയിലെ തന്റെ ഗാനത്തെക്കുറിച്ചുള്ള സർപ്രൈസ് വെളിപ്പെടുത്തി ജാസി ഗിഫ്റ്റ്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും നടന്ന ക്യാംപസ് മ്യൂസിക് ലോഞ്ചിൽ പങ്കെടുത്താണ് ജാസി ഗിഫ്റ്റ് സിനിമയിലെ തന്റെ ഗാനത്തെക്കുറിച്ച് പറഞ്ഞത്. സിനിമയിൽ ആന്തണി ദാസൻ പാടിയ കസകസ എന്ന വിനായകന്റെ പാർട്ടി ഡാൻസ് ഗാനം ലോഞ്ച് ചെയ്താണ് ജാസി ഗിഫ്റ്റ് തന്റെ ഗാനത്തെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തിയത്.

സിനിമയിൽ ആറ് ഗാനങ്ങളാണുള്ളത്. “കഥയുടെ രസം നിലനിർത്താൻ എന്റെ ഗാനം തിയറ്ററിൽ കണ്ടു കേൾക്കുന്നതായിരിക്കും നല്ലത്”- ജാസി ഗിഫ്റ്റ് പറഞ്ഞു. കൈതി, വിക്രം വേദ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ സാം സിഎസാണ് തെക്ക്മ്യൂ വടക്കിന്റെ മ്യൂസിക്. ബ്രോഡാഡി, ഒടിയൻ, ബറോസ് തുടങ്ങിയ സിനിമകൾക്ക് ഗാനമെഴുതിയ ലക്ഷ്മി ശ്രീകുമാറാണ് ജാസി ഗിഫ്റ്റ് പാടുന്ന ഗാനവും രചിച്ചിരിക്കുന്നത്.

പ്രേം ശങ്കറിന്റെ സംവിധാനത്തില്‍ വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ ഒക്ടോബര്‍ 4 നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിനത്തിനെത്തുന്നത്. 30 വര്‍ഷമായി തുടരുന്ന രണ്ട് പേര്‍ തമ്മിലുള്ള ശത്രുതയും കേസുമാണ് ചിത്രത്തിന്റെ കഥാസാരം. റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയര്‍ മാധവനായാണ് വിനായകന്‍ വേഷമിടുന്നത്. സുരാജ് അരിമില്‍ ഉടമ ശങ്കുണ്ണി ആയാണ് എത്തുന്നത്. കഷണ്ടിയും നരച്ച കൊമ്പന്‍ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയുമായാണ് സുരാജിന്റെ മേക്കോവര്‍.

എസ് ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന ചെറുകഥയാണ് സിനിമയാവുന്നത്. വിനായകനും സുരാജിനുമൊപ്പം എട്ട് സോഷ്യല്‍ മീഡിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നീ യുവതാര നിരയാണ് ഒന്നിക്കുന്നത്. കോട്ടയം രമേഷ്, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

Read more