ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രമായിരുന്നു ‘മലൈക്കോട്ടൈ വാലിബൻ’. വൻ ഹൈപ്പിലാണ് ചിത്രം എത്തിയതെങ്കിലും പ്രതീക്ഷിച്ച അത്ര വിജയം കണ്ടില്ല. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു എന്നും എന്നാൽ കഥാപാത്രത്തിന്റെ ഗെറ്റപ്പ് ഇഷ്ടപ്പെടാത്തതിനാൽ സിനിമ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്ന് പറയുകയാണ് നടൻ ജീവ.
ലാൽ സാറിനൊപ്പം ഒരു വില്ലൻ കഥാപാത്രം അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു എന്നും തനിക്ക് ആ ഗെറ്റപ്പ് ഇഷ്ടമായില്ലെന്നുമാണ് ജീവ പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
‘മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ലാൽ സാറിനൊപ്പം ഒരു വില്ലൻ കഥാപാത്രം. പക്ഷെ അതിലെ ഗെറ്റപ്പ് എനിക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ആ വേഷം ഞാൻ ചെയ്യുന്നില്ലെന്ന് ലിജോയോട് പറഞ്ഞു. നിരവധി സംവിധായകർ സിനിമയിലെ വേഷങ്ങൾക്ക് വേണ്ടി എന്നെ സമീപിച്ചിരുന്നു. പക്ഷെ പാതി മൊട്ട അടിച്ചുള്ള കഥാപാത്രം അല്ലെങ്കിൽ പാതി മീശ ഇല്ലാത്ത കഥാപാത്രം എല്ലാം വരുമ്പോൾ ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഹിന്ദിയിലും നിരവധി ഓഫറുകൾ വന്നിരുന്നു,’ എന്നാണ് ജീവ പറയുന്നത്.
2024 ജനുവരി 25ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. രണ്ട് ഭാഗങ്ങളായി ഒരുക്കാനിരുന്ന സിനിമയാണിത്. എന്നാൽ ആദ്യ ഭാഗത്തിന് മോശം പ്രതികരണം ലഭിച്ചതിനാൽ രണ്ടാം ഭാഗത്തിന് സാധ്യതയില്ലെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു.