ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ സംവിധായകന്‍ ഖാലിദ് റഹ്‌മാന് പിന്തുണയുമായി സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ്. എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദിയെന്നും ഇനി ഈ തീപ്പൊരി മുമ്പെങ്ങുമില്ലാത്ത വിധം കത്തുമെന്നും ജിംഷി ചിത്രത്തിനൊപ്പം കുറിച്ചു. ‘നിഗാസ് ഫോര്‍ ലൈഫ്’ എന്ന പ്രയോഗവും ഉപയോഗിച്ചു കൊണ്ടാണ് ജിംഷിയുടെ പോസ്റ്റ്.
അഭിനേതാക്കളും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സേഴ്‌സും അടക്കം നിരവധി പേരാണ് ജിംഷിയുടെ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്തതിന് ഇന്നലെ അറസ്റ്റിലായ ഗായകന്‍ വേടന്റെ ‘എല്ലാരും കല്ലെറിഞ്ഞേ, കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞേ’ എന്ന ഗാനത്തിനൊപ്പമാണ് ജിംഷിയുടെ പോസ്റ്റ്.
നടന്‍മാരായ നസ്ലന്‍, ലുക്മാന്‍ അവറാന്‍, ശ്രീനാഥ് ഭാസി, നടി അനഘ രവി, ഗായകന്‍ ഡബ്സി തുടങ്ങിയവര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായെത്തി. നസ്ലെന്റെ ലവ് ഇമോജി കമന്റിന് താഴെ ‘ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവ് നോര്‍മലൈസ് ചെയ്ത് നാട്ടിലെ മൊത്തം പിള്ളേരും അടിച്ചുനടക്കട്ടെ’ എന്നായിരുന്നു ഒരു വിമര്‍ശനം.
View this post on Instagram
സ്വാതന്ത്ര്യ സമര സേനാനികളാണോ ഇവര്‍ എന്നും അവാര്‍ഡ് കിട്ടിയിട്ടുള്ള സ്വീകരണം പോലെയുണ്ടല്ലോ എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘എന്റെ പടം കൂടി ഇടൂ’ എ്ന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ കമന്റ്. യുവ താരങ്ങള്‍ കഞ്ചാവ് ഉപയോഗത്തെ സാധാരണമെന്ന് കരുതി പിന്തുണയ്ക്കുന്നത് ഭയപ്പെടുത്തുന്നതാണ് എന്നുള്ള വിമര്‍ശനങ്ങളാണ് കൂടുതലും. വിന്‍സി അലോഷ്യസിനെപ്പോലെ നിലപാട് എടുക്കൂ എന്നാണ് മറ്റൊരാള്‍ നസ്ലിന് നല്‍കുന്ന നിര്‍ദേശം.
റഹ്‌മാന്‍ അറസ്റ്റിലായത് സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്തതിന് അല്ലെന്നും കഞ്ചാവ് കൈവശം വച്ചതിനാണെന്നും ചിലര്‍ കുറിച്ചു. ‘സമൂഹം എന്തു പറയുമെന്ന് പരിഗണിക്കേണ്ട കാര്യമില്ല. എന്നാല്‍, നാട്ടിലെ നിയമത്തെയും ഭരണഘടനയെയും പരിഗണിക്കേണ്ടതുണ്ട്,’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പോസ്റ്റിന് താഴെ വിമര്‍ശനങ്ങള്‍ കൂടിയതോടെ കമന്റ് ബോക്‌സ് ഓഫ് ചെയ്തിരിക്കുകയാണ് ജിംഷി.
Read more
അതേസമയം, ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ എക്സൈസ് സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.