ബോക്‌സോഫീസില്‍ ജോക്കറിന്റെ തേരോട്ടം; ഇതുവരെ നേടിയത് 3852 കോടി രൂപ

ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ജോക്കറിന് വന്‍വരവേല്പ്. ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്ത ചിത്രം ഇതു വരെ വേള്‍ഡ് വൈഡ് റിലീസിലൂടെ നേടിയത് 543.9 മില്യണ്‍ ഡോളറാണ് ഇന്ത്യന്‍ രൂപയില്‍ 3852 കോടി രൂപയാണിത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മാത്രം നേടിയത് 1265 കോടി രൂപയാണ്.

നടന്‍ വാക്കിന്‍ ഫീനിക്സാണ് ജോക്കറെ അവതരിപ്പിക്കുന്നത്. കോമാളി വേഷം കെട്ടി ഉപജീവനം മാര്‍ഗം നടത്തുന്ന കടുത്ത മാനസിക സംഘര്‍ഷം നേരിടുന്ന ആര്‍തര്‍ ഫ്ലേക്ക് എന്നയാള്‍ വില്ലനായി മാറുന്നതാണ് സിനിമയുടെ പ്രമേയം.

ഡി.സി കോമിക്സിന്റെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജോക്കര്‍. വയലന്‍സിന്റെ അതി പ്രസരമെന്ന പേരില്‍ യു.എസില്‍ “ആര്‍” സര്‍ട്ടിഫിക്കറ്റാണ് ജോക്കറിനു നല്‍കിയിരുന്നത്. ഇന്ത്യയില്‍ എ സര്‍ട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് ലഭിച്ചത്. 44.5 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും ഇതു വരെ ചിത്രം നേടിയത്.

Read more

നേരത്തെ ഗണ്‍ വയലന്‍സിനെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന പേരില്‍ ചിത്രം വിവാദത്തിലകപ്പെട്ടിരുന്നു.റിലീസ് ചെയ്ത പല തിയ്യറ്ററുകളിലും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്.