മമ്മൂട്ടിയെയും ‘റോഷാക്ക്’ സിനിമയെയും പ്രശംസിച്ച് ജോണ്‍ ബ്രിട്ടാസ്. ഒറ്റ വരിയില്‍ പറഞ്ഞാല്‍ ഗംഭീര സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് റോഷാക്ക്. പരീക്ഷണങ്ങളെ ലഹരിയായി കാണുന്ന മനുഷ്യന്‍ ഇങ്ങനെയൊരു സിനിമ അല്ലാതെ വേറെ എന്താണ് ചെയ്യേണ്ടത്. വീണ്ടും പുതിയ മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ അമ്പരപ്പിലാണ് മലയാളികള്‍ എന്നാണ് ജോണ്‍ ബ്രിട്ടാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ജോണ്‍ ബ്രിട്ടാസിന്റെ കുറിപ്പ്:
മമ്മൂട്ടി തന്നെ തന്റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നു എന്നത് തന്നെ വാര്‍ത്തയായിരുന്നു. പിന്നീട് പോസ്റ്റര്‍ ഇറങ്ങിയതോടെ റോഷാക്ക് എന്ന പേര് വലിയ ചര്‍ച്ചയായി. മനഃശാസ്ത്രപരമായ ഒരു ടെസ്റ്റിന്റെ പേരാണ് സിനിമ എന്നറിഞ്ഞതോടെ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെര്‍മന്‍ റോഷാക്ക്’ മലയാളികളുടെ സെര്‍ച്ചുകളില്‍ ഇടം നേടി.
ട്രെയ്ലര്‍ വന്നതോടെ മമ്മൂട്ടി വില്ലനോ നായകനോ എന്നതായിരുന്നു പിന്നെ വന്ന ചര്‍ച്ചകള്‍. എല്ലാ ചര്‍ച്ചകള്‍ക്കും ഉത്തരമായി ഇന്നലെ റോഷാക്ക് എത്തി. ഒറ്റ വരിയില്‍ ഗംഭീരമായ സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് പറയാം. പ്രതികാര കഥ ഇങ്ങനെയും പറയാമെന്ന് പറയാതെ പറഞ്ഞ സിനിമ. ഇതുവരെ നമ്മള്‍ കാണാത്ത കഥാപാത്രങ്ങളും കഥാപശ്ചാത്തലവും, മൊത്തത്തില്‍ സിനിമയോട് ഒരു അപരിചിതത്വവുമൊക്കെ തോന്നുമ്പോള്‍ ഓര്‍ക്കണം പരീക്ഷണങ്ങളെ ഇത്രത്തോളം ലഹരിയായി കാണുന്ന ആ മനുഷ്യന്‍ ഇങ്ങനെയൊരു സിനിമ അല്ലാതെ വേറെ എന്താണ് ചെയ്യേണ്ടത്.
പിന്നെയും പിന്നെയും പുതിയ മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ അമ്പരപ്പിലാണ് മലയാളികള്‍. പ്രൊഡ്യൂസര്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് സന്തോഷിക്കാം, നടനെന്ന നിലയില്‍ മമ്മൂട്ടിക്ക് അഭിമാനിക്കാം. ഇത്തരത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കാന്‍ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിര്‍മാതാവിനും പരീക്ഷണ സ്വഭാവമുള്ള സംവിധാനത്തിനും സാങ്കേതിക മികവുള്ള മേക്കിംഗിനും അഭിനന്ദനങ്ങള്‍.