അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിന്റെ സംസ്‌കാരം നടത്തി. എളംകുളം സെന്റ് മേരീസ് സൂനോറോ സിംഹാസന പള്ളിയിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നത്. യാക്കോബായ സഭ അസിസ്റ്റന്റ് കാതോലിക്ക ജോസഫ് മാര്‍ ഗ്രിഗോറിയോസ് സംസ്‌കാര ശുശ്രൂഷയ്ക്ക് മുഖ്യകാര്‍മികനായി.
എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലിയേകി. മന്ത്രി പി.രാജീവും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കും ആദരാഞ്ജലി അര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കൊച്ചി കാരയ്ക്കാമുറി ചാവറ കള്‍ച്ചറല്‍ സെന്ററിലെത്തി ജോണ്‍പോളിന് ആദരാഞ്ജലി അര്‍പ്പിച്ചു.
നൂറോളം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സംവിധായകന്‍ ഭരതനുവേണ്ടിയാണ് ജോണ്‍ പോള്‍ ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയത്. ഐ വി ശശി, മോഹന്‍, ജോഷി, കെ എസ് സേതുമാധവന്‍, പി എന്‍ മേനോന്‍, കമല്‍, സത്യന്‍ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ മധു, പി ജി വിശ്വംഭരന്‍, വി ജി തമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.