ജോജി മുതല്‍ പനച്ചേല്‍ കുട്ടപ്പന്‍ വരെ.., സീന്‍ ടു സീന്‍ കോപ്പി; തെലുങ്കില്‍ ടെലി സീരിയലായി 'ജോജി'

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി സിനിമ അതേപടി കോപ്പിയടിച്ച് തെലുങ്ക് ടെലി സീരിയല്‍. ‘ബേണിങ് പീപ്പിള്‍’ എന്നാണ് ഈ ടെലി സീരിയലിന്റെ പേര്. ഓരോ സീനുകളും ജോജിയില്‍ നിന്ന് അതേപടി കോപ്പിയടിച്ചാണ് ചെയ്തിരിക്കുന്നതെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്.

ചിത്രത്തിലെ പ്രധാന രംഗങ്ങളെല്ലാം ട്രെയ്‌ലറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെലുങ്ക് സീരിയലിനെതിരെ പകര്‍പ്പവകാശ ലംഘനത്തിനു നിയമനടപടിയുമായി നിര്‍മാതാക്കള്‍ മുന്നോട്ടു പോകുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല.

ശ്യാം പുഷ്‌ക്കരന്‍ തിരക്കഥ ഒരുക്കിയ ജോജി കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകളും നടന്നിരുന്നു. ഫഹദ് ആണ് ജോജി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.

Read more

ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള സ്വതന്ത്രാവിഷ്‌കാരമാണ് ജോജി. ബിബിസി ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങളില്‍ പോലും ചിത്രത്തെ കുറിച്ചുള്ള ആസ്വാദനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.