ബോക്സ് ഓഫീസ് വിറപ്പിക്കാൻ ജോഷി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും; തിരക്കഥ ചെമ്പൻ വിനോദ്

മലയാള സിനിമയിൽ എക്കാലത്തും ഹിറ്റ് സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ജോഷി- മോഹൻലാൽ കോമ്പോ. ‘ജനുവരി ഒരു ഓർമ്മ’ എന്ന ചിത്രത്തിലൂടെയാണ് ജോഷിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നത് പിന്നീട് നിരവധി ഹിറ്റ് സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നു.

നാടുവാഴികൾ, നമ്പർ 20 മദ്രാസ് മെയിൽ, പ്രജ, നരൻ, ട്വന്റി- ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്സ്, റൺ ബേബി റൺ തുടങ്ങീ ബോക്സ്ഓഫീസ് കീഴടക്കിയ നിരവധി ചിത്രങ്ങളാണ് ജോഷി മോഹനലാലിന് വേണ്ടി ഒരുക്കിയത്.

ഇപ്പോഴിതാ ജോഷി- മോഹൻലാൽ വീണ്ടുമൊന്നിക്കുന്നു എന്ന വാർത്തയാണ് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്.  അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്ക് ശേഷം ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാവും.

‘ലൈല ഓ ലൈല’യായിരുന്നു മോഹൻലാൽ- ജോഷി കൂട്ടുക്കെട്ടിലിറങ്ങിയ അവസാന ചിത്രം. ‘പൊറിഞ്ചു മറിയം ജോസി’നു ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരു ചിത്രം വരുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു.

Read more

മലയാളത്തിന്റെ ഹിറ്റ് മേക്കർ എന്ന ലേബലുള്ള ജോഷിയോടൊപ്പം വീണ്ടുമൊരു മോഹൻലാൽ ചിത്രം എന്നത് തന്നെ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. ജീത്തു ജോസഫിന്റെ ‘നേര്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് മോഹൻലാലിപ്പോൾ. ജോജു ജോർജ് നായകനായ ‘ആന്റണി’ എന്ന സിനിമയുടെ തിരക്കിലാണ് ജോഷിയിപ്പോൾ.