സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന “പാപ്പാന്‍” ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തിഡ്രലില്‍ വച്ചു നടന്നു. നിര്‍മ്മാതാക്കളില്‍ ഒരാളായ ഷരീഫ് മുഹമ്മദ് ആദ്യ സീനിന് ക്ലാപ് അടിച്ചു. സെന്റ് ഡോമിനിക്‌സ് കത്തിഡ്രലിലെ ഫാദര്‍ ബോബി അലക്‌സ് മണ്ണപ്ലാക്കല്‍ ആണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.
ഗോകുല്‍ സുരേഷ്, കനിഹ, നീത പിള്ള, പ്രൊഡ്യൂസര്‍ ഡേവിഡ് കാച്ചപ്പിള്ളി, പ്രൊഡ്യൂസറും നടനുമായ അരുണ്‍ ഘോഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ വേഷമിടുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിയും മകന്‍ ഗോകുലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
റേഡിയോ ജോക്കിയും കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.
അതേസമയം, ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നത്. 1986ല്‍ പുറത്തിറങ്ങിയ “സായംസന്ധ്യ” എന്ന സിനിമയിലൂടെയാണ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ തുടക്കം. തുടര്‍ന്ന് നായര്‍ സാബ്, ഭൂപതി, ലേലം, വാഴുന്നോര്‍, പത്രം, ട്വന്റി ട്വന്റി, സലാം കശ്മീര്‍ തുടങ്ങിയ ചിത്രങ്ങളിലും സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ചു.