അലി അക്ബറിന്റെ “1921 പുഴ മുതല്‍ പുഴ വരെ” ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ജോയ് മാത്യുവും. വയനാട് ചിത്രീകരണം നടക്കുന്നതിനിടെ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ജോയ് മാത്യുവും എത്തുന്നുവെന്ന് പ്രഖ്യാപിച്ചത്. മലബാര്‍ ലഹള പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ് ആണ് നായക കഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിലെ കേളോത്ത് തറവാട്ടില്‍ നടന്നു കൊണ്ടിരിക്കുകയാണ്. “”ഇന്ന് കേളോത്ത് തറവാട്ടിലാണ് ഷൂട്ടിംഗ്. സെറ്റ് വര്‍ക്ക് നടക്കുന്നു. വയനാട്ടിലെ ഷൂട്ടിംഗ് ഏകദേശം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. വയനാട്ടിലെ സര്‍വ്വജനങ്ങളും വളരെ സഹായകരമായ രീതിയിലാണ് നിന്നത്. ജോയ് മാത്യു ആണ് ഇന്ന് ഇവിടെ അഭിനയിക്കുന്നത്. അദ്ദേഹം വന്നിട്ട് നാലാമത്തെ ദിവസമാണ്”” എന്നാണ് അലി അക്ബര്‍ വാക്കുകള്‍.
ഷൂട്ടിംഗ് ഗംഭീരമായി പോകുന്നു എന്നാണ് ജോയ് മാത്യു വീഡിയോയില്‍ വ്യക്തമാക്കുന്നത്. മറ്റ് അണിയറപ്രവര്‍ത്തകരെയും ടെക്‌നിക്കല്‍ ടീമിനെയും അലി അക്ബര്‍ ലൈവിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ഫെബ്രുവരി 20ന് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മമധര്‍മ എന്ന ക്രൗഡ് ഫണ്ടിംഗ് വഴിയാണ് സിനിമ നിര്‍മ്മിക്കുന്നത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന “വാരിയംകുന്നന്‍” എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് അലി അക്ബറും സംവിധായകരായ പി.ടി കുഞ്ഞുമുഹമ്മദും, ഇബ്രാഹിം വേങ്ങരയും സിനിമ പ്രഖ്യാപിച്ചത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വില്ലനാക്കിയാണ് അലി അക്ബറിന്റെ 1921 പുഴ മുതല്‍ പുഴ വരെ എത്തുന്നത്. പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നന്‍ എന്നും ഇബ്രാഹിം വേങ്ങരയുടെത് ദി ഗ്രേറ്റ് വാരിയംകുന്നന്‍ എന്നുമാണ്.