പ്രതിസന്ധിയിലേക്ക് നീങ്ങിയ മലയാള സിനിമയെ കൈപ്പിടിച്ചുയര്‍ത്തി ജൂഡ് ആന്തണി. മലയാള സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തുന്നില്ലെന്ന അപവാദത്തിന് മറുപടിയാണ് ‘2018’ സിനിമയ്ക്ക് ലഭിക്കുന്ന ഗംഭീര വരവേല്‍പ്പ്. സിനിമയ്ക്ക് ടിക്കറ്റ് കിട്ടാനില്ല എന്ന പരാതിയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
വാരാന്ത്യത്തില്‍ 30 കോടി കളക്ഷന്‍ കടന്ന ചിത്രത്തിന്റെ കൂടുതല്‍ ഷോകള്‍ ആരംഭിച്ചിരുന്നു. അവധി ദിനം അല്ലാഞ്ഞിട്ടു കൂടി ചൊവ്വാഴ്ച മാത്രം ചിത്രത്തിന് കേരളത്തില്‍ നിന്നും ലഭിച്ചത് 4 കോടി രൂപയാണ്. ആഗോള കളക്ഷനില്‍ ചിത്രം 40 കോടിയിലേക്ക് അടുക്കുകയാണ്.
3.95 കോടിയാണ് തിങ്കളാഴ്ച ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഒരു ചിത്രം നേടുന്ന നാലാമത്തെ മികച്ച തിങ്കളാഴ്ച കളക്ഷനാണിത്. കെജിഎഫ് 2, ബാഹുബലി, ലൂസിഫര്‍, 2018, പുലുമുരുകന്‍ എന്നീ സിനിമകളാണ് ഇതിനു മുമ്പ് ഇതേ കളക്ഷന്‍ സ്വന്തമാക്കിയത്.
2016ല്‍ പുലിമുരുകന്‍ ബോക്‌സോഫീസില്‍ ഉണ്ടാക്കിയ അതേ ചലനമാണ് 2018 സിനിമയും ഉണ്ടാക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. പുലിമുരുകനെ കടത്തിവെട്ടുമോ 2018 എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം ചോദിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മാത്രം 67 സ്പെഷല്‍ ഷോകളാണ് കേരളത്തിലുടനീളം നടന്നത്.
ഞായറാഴ്ചയിലെ 90 ശതമാനം ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ സജീവമായതിന്റെ ആഹ്ലാദത്തിലാണ് തിയേറ്റര്‍ ഉടമകളും. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്സോഫിസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.