ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ‘സൂരരൈ പോട്രു’ ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ റിലീസിന് ആശംസകള്‍ നേര്‍ന്ന് നടി ജ്യോതിക. സുധ കൊങ്കരയുടെ സംവിധാനത്തില്‍ സൂര്യ നായകനായി എത്തിയ ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാര്‍ ആണ് നായകന്‍. സൂര്യയുടെയും ജ്യോതികയുടെയും നിര്‍മ്മാണ കമ്പനിയാണ് ‘സര്‍ഫിര’ എന്ന ചിത്രം നിര്‍മ്മിക്കുന്നത്.
”അര്‍ഹിച്ച വിജയത്തിനും ഹൃദയസ്പര്‍ശിയായ പ്രകടനത്തിനും ആശംസകള്‍! ബെഡ്‌റൂമില്‍ നിങ്ങളുടെ ചിത്രം ഒട്ടിച്ചു വച്ചിരുന്ന ആരാധികയില്‍ നിന്നും നിങ്ങളുടെ കരിയറിലെ ഏറ്റവും സ്‌പെഷലായ 150-ാമത് ചിത്രത്തിന്റെ നിര്‍മ്മാതാവാകാന്‍ കഴിഞ്ഞത് തീര്‍ച്ചയായും കാലം എനിക്കായി കാത്തുവച്ച നിമിഷമാണ്” എന്നാണ് അക്ഷയ്ക്ക് ആശംസകള്‍ നേര്‍ന്ന് ജ്യോതിക കുറിച്ചിരിക്കുന്നത്.
സുരരൈ പോട്ര് സംവിധാനം ചെയ്ത സുധ കോങ്കര തന്നെയാണ് സിനിമയുടെ ഹിന്ദി പതിപ്പും ഒരുക്കിയിരിക്കുന്നത്. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തില്‍ കാമിയോ റോളില്‍ സൂര്യ എത്തുന്നുമുണ്ട്. സൂരരൈ പോട്രുവില്‍ അപര്‍ണ ബാലമുരളി ചെയ്ത റോളില്‍ നടി രാധിക മദന്‍ ആണ് വേഷമിട്ടിരിക്കുന്നത്.
പരേഷ് റാവല്‍, ശരത്കുമാര്‍, സീമ ബിശ്വാസ്, സൗരഭ് ഗോയല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ ചിലവില്‍ സാധാരണക്കാര്‍ക്കു കൂടി യാത്രചെയ്യാന്‍ കഴിയുന്ന എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി 2020ല്‍ പുറത്തുവന്ന ചിത്രമായിരുന്നു സൂരരൈ പോട്ര്.
മോഹന്‍ ബാബു, കരുണാസ്, പരേഷ് റാവല്‍, ഉര്‍വശി എന്നിവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ഡയറക്ട് ഒ.ടി.ടി റിലീസ് ആയാണ് സിനിമ എത്തിയത്. 78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച ഫീച്ചര്‍ ചിത്രം, മികച്ച നടന്‍, നടി, തിരക്കഥ, ബാക്ഗ്രൗണ്ട് സ്‌കോര്‍ എന്നീ ദേശീയ പുരസ്‌കാരങ്ങള്‍ സിനിമ നേടിയിട്ടുണ്ട്.