ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ചിത്രയ്ക്ക് പിന്തുണയുമായാണ് സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. പിണറായി ഭരണത്തില്‍ നമ്മുടെ കേരളത്തില്‍ മാത്രമാണ് വിശ്വാസികള്‍ക്ക് നേരെ നീചമായ സൈബര്‍ ആക്രമണം നടക്കുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസ് ഇത് വരെ ഈ വിഷയത്തില്‍ വാ തുറന്നിട്ടില്ല എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.
കെ സുരേന്ദ്രന്റെ കുറിപ്പ്:
സനാതന ധര്‍മ്മത്തില്‍ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രമാണ് കെഎസ് ചിത്ര ഇന്ന് ഭീകരമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. മലയാളത്തിന്റെ വാനമ്പാടിയെ അല്ലെങ്കില്‍ ഈ ഇടത്- ജിഹാദി എക്കോ സിസ്റ്റം ആക്രമിക്കാന്‍ പിന്നെ കാരണമെന്താണ്? വിശ്വാസികളായ ആളുകളോട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ഒരു വിളക്ക് വയ്ക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചതിലെ തെറ്റ് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും, വടക്ക് കിഴക്ക് മുതല്‍ പടിഞ്ഞാറു വരെയും നാനാ മതസ്ഥര്‍, പല ഭാഷകള്‍ സംസാരിക്കുന്നവര്‍, പല ഭക്ഷണ രീതി പിന്തുടരുന്നവര്‍ ഈ ദിനങ്ങള്‍ ആഘോഷകരമാക്കുമ്പോള്‍ ഇങ്ങ് പിണറായി ഭരണത്തില്‍ നമ്മുടെ കേരളത്തില്‍ മാത്രമാണ് വിശ്വാസികള്‍ക്ക് നേരെ നീചമായ സൈബര്‍ ആക്രമണം നടക്കുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസ് ഇത് വരെ ഈ വിഷയത്തില്‍ വാ തുറന്നിട്ടില്ല.
സാമൂഹ്യമാധ്യമങ്ങളില്‍ പിണറായിക്കെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അവരെ പിടിച്ചകത്തിടുന്ന പൊലീസ് എവിടെയാണിപ്പോള്‍? ഈ സൈബര്‍ ആക്രമണം നടത്തുന്ന ആളുകള്‍ക്കെതിരെ കേരള പൊലീസ് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം. കെഎസ് ചിത്രയ്ക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നു.